ആഭരണങ്ങൾ ബാഗിലാക്കി കിടപ്പുമുറിയിലെ അലമാരയിൽ വച്ച് പൂട്ടിയ ശേഷം വിവാഹ സൽകാരത്തിന് പോയി;ആറ്റിങ്ങലിൽ വിവാഹവീട്ടിൽ മോഷണം; വധുവിന്റെ 40 പവൻ ആഭരണങ്ങളാണ് മോഷണം പോയത്

0

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വിവാഹവീട്ടിൽ മോഷണം. വധുവിന്റെ 40 പവൻ ആഭരണങ്ങളാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്.ആർ.ഭവനിൽ സൈനികോദ്യോഗസ്ഥനായ മിഥുന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ബുധനാഴ്ചയായിരുന്നു മിഥുനും കൊടുവഴന്നൂർ സ്വദേശിനി നിജയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വധൂവരന്മാർ വധുവിന്റെ ആഭരണങ്ങൾ ബാഗിലാക്കി കിടപ്പുമുറിയിലെ അലമാരയിൽ വച്ച് പൂട്ടി. വൈകീട്ട് അഞ്ചുമണിയോടെ വധൂവരന്മാരുൾപ്പെടെയുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും വിവാഹസത്കാരത്തിനായി മാമത്തുള്ള ഓഡിറ്റോറിയത്തിലേയ്ക്കു പോയി.

വീടിന്റെ മുൻവാതിൽ പൂട്ടിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് രാത്രി എട്ടുമണിയോടെയാണ് എല്ലാവരും മടങ്ങിയെത്തിയത്. മുൻവാതിലിന്റെ പൂട്ട് തുറന്നെങ്കിലും വാതിൽ തുറക്കാനായില്ല. തുടർന്ന് പിൻവശത്തെത്തി നോക്കുമ്പോൾ അവിടത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. വീടിനകത്ത് കയറിയപ്പോൾ മുൻവാതിലിൽ കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്ത് ആഭരണങ്ങൾ കവർന്നതായി കണ്ടെത്തിയത്. ഉടൻതന്നെ ആറ്റിങ്ങൽ പോലീസിൽ വിവരമറിയിച്ചു.

വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വീടിനകത്ത് കടക്കാൻ ഒരുവാതിലും കുത്തിപ്പൊളിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.സുനീഷ്ബാബു, ഇൻസ്‌പെക്ടർ ഡി.മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply