കുഞ്ഞിന്റെ പേര്: സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ്; വിചിത്രമായ പേര് കുഞ്ഞിന് നൽകിയതിന്റെ പിന്നിലെ കഥ ഇതാണ്

0

തങ്ങളുടെ മക്കൾക്ക് പേരിടാൻ മാതാപിതാക്കൾ ഒന്നല്ല, ഒരായിരം വട്ടം തന്നെ ആലോചിക്കും. അതും പേരിൽ വ്യത്യസ്തത പുലർത്താനാണ് എല്ലാവരും ശ്രമിക്കുക. പലരും അവരുടെ ആരാധനാപാത്രമായ ആളുകളുടെയും സിനിമ നടീനടന്മാരുടെയും പേരുകൾ ഇടാറുണ്ട്. എന്നാൽ ഇവിടെ ഒരു അച്ഛൻ തന്റെ കുഞ്ഞിനിട്ട പേരാണിപ്പോൾ ചർച്ചയാകുന്നത്.

ജോലി ചെയ്യുന്ന സ്ഥാപനത്തോട് ഉള്ള അളവറ്റ സ്നേഹം കാരണം ജനിച്ച കുഞ്ഞിന് സ്ഥാപനത്തിന്റെ പേരാണ് ഈ അച്ഛൻ ഇട്ടിരിക്കുന്നത്. ഇന്തോനേഷ്യക്കാരനായ സമിത് വഹൂദി എന്ന യുവാവാണ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് സ്വന്തം കുഞ്ഞിന് നൽകിയത്. ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസിലാണ് സമിത് ജോലി ചെയ്യുന്നത്. ജോലിയും തന്റെ ഓഫീസും വളരെ അധികം ഇഷ്ടപ്പെടുന്നുവെന്നും അതുപോലെ തന്നെയാണ് കുഞ്ഞിനെയും ഇഷ്ടപ്പെടുന്നത് എന്നുമാണ് കുട്ടിയ്‌ക്ക് ഇത്തരത്തിലൊരു വിചിത്രമായ പേര് നൽകിയതിന് അദ്ദേഹം നൽകുന്ന വിശദീകരണം.

സമിത്തിന്റെ ഭാര്യക്ക് അദ്ദേഹത്തിന് ഓഫീസിനോടുള്ള ഇഷ്ടത്തിനെ കുറിച്ച് അറിയാമായിരുന്നു എങ്കിലും സ്വന്തം കുഞ്ഞിന് ഇങ്ങനെയൊരു പേര് നൽകുമെന്ന് ഭാര്യ കരുതിയില്ല. ജനിക്കുന്ന കുഞ്ഞിന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് നൽകണമെന്ന് വിവാഹം കഴിഞ്ഞ ശേഷം ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്നാൽ അത് നടപ്പിലാക്കുമെന്ന് കരുതിയില്ല എന്നാണ് ഭാര്യ പറയുന്നത്.

ജനിക്കുന്ന കുഞ്ഞ് ആണാണെങ്കിലും, പെണ്ണാണെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ് എന്ന് പേര് നൽകുമായിരുന്നു എന്ന് സമിത് പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺ കുഞ്ഞ് പിറന്നത്. ശേഷം നിശ്ചയിച്ച പ്രകാരം കുട്ടിയ്‌ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് നൽകുകയായിരുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരികെ വരുന്ന സമയത്താണ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കേറ്റ് ലഭിച്ചത്. അതിനുശേഷമാണ് സമിത് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

2003ലാണ് സമിത്തിന് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസിൽ ജോലി ലഭിച്ചത്. തന്റെ വീട് പോലെയാണ് ഓഫീസ് എന്നും അദ്ദേഹം പറയുന്നു. ഡിങ്കോ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേരെന്നും സമിത് പറയുന്നു.

Leave a Reply