ബാബു കുടുങ്ങിയത് മല തിരിച്ചിറങ്ങുന്നതിനിടയിൽ; 45 മണിക്കൂർ മലമുകളിൽ നടന്ന കഥ ബാബു തന്നോട് പറഞ്ഞതായി ഉമ്മ

0

പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു അപകടം സംഭവിച്ചത് എങ്ങനെയെന്ന് തന്നോട് പറഞ്ഞതായി ഉമ്മ റഷീദ. മല തിരിച്ചിറങ്ങുമ്പോഴാണ് ബാബു കുടുങ്ങിയത്. കുടുങ്ങിയെന്ന മനസിലാക്കിയ നിമിഷം മുതൽ ബാബു ശ്രമിച്ചത് സ്വയം രക്ഷപ്പെടാനാണ്. മുകളിലേക്ക് കയറി, തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി ഗുഹയിലേക്ക് പതിക്കുകയായിരുന്നു. ഗുഹയില്‍ പകല്‍ ചൂട് അസഹനീയമായിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടന്ന ദിവസം ആദ്യമുണ്ടായിരുന്ന ഗുഹയില്‍ നിന്ന് ഊര്‍ന്നിറങ്ങിയതെന്നും ബാബു വെളിപ്പെടുത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബാബു ഉടൻ തന്നെ ആസ്പറ്റ് വിടും.

‘പഴയ രീതിയില്‍ തന്നെ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സംസാരിച്ചു. മുകളിലേക്ക് കയറിയതിന് ശേഷം തിരിച്ചിറങ്ങുന്ന ഘട്ടത്തില്‍ ഒരു കല്ലില്‍ ചവിട്ടി. ഇത് വഴുതി താഴേക്ക് വീണുപോയി എന്നാണ് പറഞ്ഞത്. വെറുതെ പോയതാണ്. അവിടെയുള്ള ക്ഷേത്രത്തില്‍ സാധാരണ ചില ആളുകള്‍ പോകാറുണ്ട്. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പാതി വഴിയിലെത്തിയപ്പോള്‍ വെള്ളത്തിന് ദാഹിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവരെ തിരിച്ചയച്ചു. ഞാന്‍ മുകളിലേക്ക് പോകുകയാണെന്ന് പറഞ്ഞു. കയറിയ വഴിയിലൂടെ അല്ല ഇറങ്ങിയത്. കയറിയ വഴിയിലൂടെ തന്നെ ഇറങ്ങിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. തിരിച്ചിറങ്ങുമ്പോള്‍ എളുപ്പവഴി നോക്കിയതാണ്.

നല്ല തണുപ്പും ചൂടും അനുഭവിച്ചിട്ടുണ്ട്. വെള്ളത്തിന് വേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്. എല്ലാവരും എത്തിയതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയായി. ആദ്യം ഹെലികോപ്ടര്‍ എത്തിയപ്പോള്‍ വെള്ളം കിട്ടുമെന്ന ഉറച്ച് പ്രതീക്ഷിച്ചു. ഉച്ചയ്ക്ക് പൊറോട്ട കഴിച്ചിരുന്നെന്നാണ് പറഞ്ഞത്. അതിന് ശേഷം ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. മുകളില്‍ നിന്ന് എന്നെയടക്കം കണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ ഉറക്കെ സംസാരിച്ചതു കേട്ടെന്നും പറഞ്ഞു.

സ്വയം തിരിച്ചിറങ്ങാനുള്ള ശ്രമവും ഇതിനിടെ നടത്തിയിരുന്നു. ഒരു ഗുഹയില്‍ നിന്ന് മറ്റൊരു ഗുഹയിലേക്ക് ഇതിനിടെ ഇറങ്ങുകയും ചെയ്തു. സൈന്യത്തെ കണ്ടപ്പോള്‍ അവന് ഏറെ സമാധാനമായി. മൂന്നാമത്തെ ഗുഹയില്‍ നിന്നാണ് സൈന്യം അവനെ രക്ഷപ്പെടുത്തിയത്’, എന്നും ഉമ്മ റഷീദ പറഞ്ഞു.

ട്രക്കിംഗിനോടുള്ള അതിയായ പ്രണയമാണ് ബാബുവിനെ പാലക്കാട് മലമ്പുഴയിലെ കൂര്‍മ്പാച്ചി മലനിരകളിലേക്ക് ആകര്‍ഷിച്ചത്. ചെറാട് മലയുടെ ആകെ ഉയരം 1000 മീറ്ററാണ്. തറനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തിലാണ് ബാബു കുടുങ്ങിക്കിടന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിംഗിനായി ബാബു മലമ്പുഴയില്‍ എത്തുന്നത്. ഏതാണ്ട് 300 മീറ്റര്‍ ദൂരം കയറിയപ്പോള്‍ സുഹൃത്തുക്കള്‍ ക്ഷീണിതരായി അവിടെ ഇരുന്നു. കുഴപ്പമില്ല, താന്‍ കുറച്ച് ദൂരം കൂടി മുകളിലേക്ക് പോകട്ടെ എന്നറിയിച്ചു കൊണ്ട് ബാബു മുകളിലേക്ക് പോയി. വീണ്ടും 300 മീറ്റര്‍ ഉയരത്തിലേക്ക് ബാബു കയറി.

അതാതയത്, കൂര്‍മ്പാച്ചി മലയുടെ തറനിരപ്പില്‍ നിന്നും 600 മീറ്റര്‍ ഉയരത്തില്‍ ബാബു എത്തി. അവിടെ നിന്ന് കാല്‍ വഴുതിയാണ് പാറ ഇടുക്കിലേക്ക് വീണത്. പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും വന്യജീവികളുടെ സാന്നിധ്യവും അതിജീവിച്ച് രണ്ട് രാത്രിയും ഒരുപകലുമാണ് ഭക്ഷണവും വെള്ളവുമില്ലാതെ ബാബു പാറയിടുക്കില്‍ കഴിഞ്ഞത്. ട്രക്കിംഗില്‍ മുന്‍പരിചയമുള്ള ബാബുവിന്റെ ആത്മധൈര്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും തുണയായത്.

Leave a Reply