കൊച്ചി: ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം മൂന്നുപ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശേഖരിച്ചു. ആരോപണമുന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ച് ഗൂഢാലോചന നടത്തി എന്നാരോപിച്ച് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പുകള്‍ കേസിലെ നിര്‍ണായക തെളിവാണ്. ദിലീപും സഹോദരന് അനൂപും സഹോദരിഭര്‍ത്താവ് സുരാജും ഉള്‍പ്പെടുന്ന സംഭാഷണങ്ങളാണിവ. ഇത് പ്രതികളുടെത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ലക്ഷ്യം
നോട്ടീസ് നല്‍കിയത് പ്രകാരം 11 മണിയോടെ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ എത്തി. സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദ സാംപിളുകള്‍ ഫോറെന്‍സിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന ഫലങ്ങള്‍ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടര്‍ന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍. ഓഡിയോ ക്ലിപ്പുകളിലുള്ള ശബ്ദം തന്റെതുതന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകള്‍ ആണെന്നായിരുന്നു ദിലീപിന്റെ വാദം.കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പിന്നാലെ എഫ്.ഐ.ആര് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് എഫ്.ഐ.ആര്. റദ്ദാക്കണം എന്ന് അവശ്യപെട്ടുള്ള ദിലീപിന്റെ നീക്കം.