മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. നവി മുംബൈയിലാണ് സംഭവം. പരിക്കേറ്റ യുവതിയെ വാഷി പാലത്തിന് താഴെ റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. ആക്രമണത്തിനിരയായ ജെ.ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടിറ്റ്വാല സ്വദേശിയായ 25കാരി അബോധാവസ്ഥയിൽ തുടരുകയാണ്.
പോവെയിൽ വീട്ടുജോലിക്കാരിയായ യുവതിയെ പ്രാദേശിക ട്രെയിൻ മോട്ടോർമാനാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് വാഷി ജി.ആർ.പിയിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജോലിക്കായി പോകുന്ന യുവതി ആഴ്ചയിൽ ഒരിക്കലാണ് സ്വന്തം വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വൈകീട്ട് ജോലിക്കായി പുറപ്പെട്ട യുവതി പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ട്രെയിനിൽ നിന്നും തള്ളിയിടുന്നതിന് മുമ്പ് യുവതി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. കൊലപാതക ശ്രമം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചാർത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി താനെ, പൻവേൽ, വാഷി സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എന്നാൽ ഇവിടങ്ങളിൽ നിന്നൊന്നും യുവതി ട്രെയിനിൽ കയറിയതായി കാണുന്നില്ല. ഓക്സിജന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ബോധം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.
English summary
Attempt to kill young woman by pushing her off a running train after raping her