ഡോക്ടറെ ഹണിട്രാപ്പിൽപെടുത്തി പണംതട്ടാൻ ശ്രമം; രണ്ടു യുവതികൾ അറസ്റ്റിൽ

0

തൃശൂർ : ഡോക്ടറെ ഹണിട്രാപ്പിൽപെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നൽകിയത്.

നൗഫിയയാണ് ഡോക്ടർക്ക് സ്ഥിരമായി മെസേജ് അയച്ചത്. പരിചയമില്ലാത്ത നമ്പരായതിനാൽ ഡോക്ടർ മറുപടിയൊന്നും നൽകിയില്ല. പിന്നെ പണം ചോദിച്ച് ഭീഷണിപ്പെടുത്തലായി. ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി പണംതട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇല്ലെങ്കിൽ പീഡന പരാതി നൽകുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വഴങ്ങാതായതോടെ ഇന്റർനെറ്റ് കോളിലൂടെ ഒരു പുരുഷൻ ഡോക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതോടെ ഡോക്ടറുടെ വാട്സാപ്പ് പൂർണമായും പോലീസ് നിയന്ത്രണത്തിലായിരുന്നു. ഹണി ട്രാപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് പ്രതികൾക്കായി വലവിരിച്ചു. പ്രതികൾ പണം ആവശ്യപ്പെട്ടപ്പോൾ തുക നൽകാമെന്ന് പോലീസ് തിരികെ സന്ദേശമയച്ചു. ബെംഗളൂരുവിൽ നിന്ന് ഒരു സ്ത്രീ പണം കൈപ്പറ്റാൻ വരുമെന്നായിരുന്നു പ്രതികൾ നൽകിയ അറിയിപ്പ്.

ബംഗ്ലുരുവിലെ ഫിറ്റ്നസ് ട്രെയിനറായ നിസ തൃശൂരിൽ എത്തി ഡോക്ടറെ ബന്ധപ്പെട്ടു. ഈ സമയം ഡോക്ടറുടെ ഫോൺ പോലീസിന്റെ കൈയിലായിരുന്നു. തുടർന്ന് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here