സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ശ്രമമുണ്ടായി; തനിക്കും മുഖ്യമന്ത്രിക്കും നേരെ ഗൂഢാലോചന വരെ നടന്നു; പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിലൂടെ ശിവശങ്കർ വെളിപ്പെടുത്തുന്ന കഥയുടെ പിന്നാമ്പുറങ്ങൾ അറിയാൻ കാതോർത്ത് കേരളം

0

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം പുറത്തിറങ്ങുന്നതിലൂടെ കേരളത്തിൽ വീണ്ടും അലയടിക്കുക പഴയ സ്വർണ്ണ കടത്ത് കേസും സ്വപ്നയും തന്നെയാണ്. പുസ്തകത്തിലൂടെ അദ്ദേഹം മൗനം വെടിയുമ്പോൾ അകത്താകുന്നതും പുറത്ത് വരുന്നതും ആരാണെന്നാണ് ഇനി ബാക്കിയായ ഉത്തരം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കുകയാണ് പുസ്തകത്തില്‍ ശിവശങ്കര്‍. ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്‌ന സുരേഷ് ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ തന്നെ വിളിച്ച് ആവശ്യപ്പെട്ടു. കാര്‍ സ്റ്റീരിയോകളാണ് ബാഗേജില്‍ ഉള്ളതെന്നും ഇത് ഡ്യൂട്ടി അടയ്ക്കാത്തതിനാലാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും വിട്ടുകിട്ടാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ കസ്റ്റംസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്ന് മറുപടി നല്‍കി. ജൂലായ് നാലാം തീയതി സ്വപ്‌നയും ഭര്‍ത്താവ് ജയശങ്കറും തന്റെ ഫ്‌ളാറ്റില്‍ എത്തി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ അപ്പോഴും താന്‍ അതേ നിലപാട് സ്വീകരിച്ചു. ഇതുമാത്രമാണ് കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യമെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.

തന്റെ ജന്മദിനത്തില്‍ സമ്മാനമായി സ്വപ്‌ന നല്‍കിയ ഒരു ഐഫോണ്‍ ആണ് പിന്നീട് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ തന്നോട് ഇത്തരമൊരു ചതി തന്നോട് സ്വപ്‌ന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ പറയുന്നു.

ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണ ഏജന്‍സികളും തന്നെ കേസില്‍ പ്രതിചേര്‍ക്കാനുള്ള നിലപാടുകളാണ് സ്വീകരിച്ചത്. തന്നെ 90 മണിക്കൂറോളം ചോദ്യംചെയ്ത അന്വേഷണ ഏജന്‍സികള്‍ക്ക് സ്വര്‍ണക്കടത്തുമായി തന്നെ ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ബന്ധപ്പെട്ടിട്ടില്ല എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായെന്നും ശിവശങ്കര്‍ പറയുന്നു.

മുഖ്യമന്ത്രിയെയും തന്നെയും ഈ കേസുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. ബാഗേജുകള്‍ കസ്റ്റംസ് തുറന്നുനോക്കുമ്പോള്‍ത്തന്നെ ബിജെപി നേതാവ്‌ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം തനിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതുമായി ബന്ധമുണ്ടെന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തി. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് അന്വേഷിക്കപ്പെടേണ്ടതാണെന്നും ശിവശങ്കർ പുസ്തകത്തില്‍ പറയുന്നു.

ദേശീയ അന്വേഷണ ഏജൻസികളുടെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിനെ പ്രശംസിച്ച ശിവശങ്കർ പിന്നീട് ഏജൻസികൾ ലൈൻ മാറ്റിയെന്ന് വിമർശിക്കുന്നു. 90 ദിവസം തന്നെ ചോദ്യം ചെയ്തപ്പോൾ കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായെന്ന് മനസ്സിലായി. തൻറെ അറസ്റ്റിലൂടെ അതിലേക്കെത്തിക്കാനായിരുന്നു ശ്രമമെന്നാണ് ആക്ഷേപം. പക്ഷെ തൻറെ മൊഴികളിൽ പൊരുത്തക്കേടില്ലായിരുന്നു.

താനാണ് കേസിലെ കിംഗ് പിൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോോടതിയിൽ കള്ളം പറഞ്ഞു. തെരഞ്ഞെടുത്ത മൊഴികൾ ഏജൻസികൾ മാധ്യമങ്ങൾക്ക് ചോർത്തി ന‌ൽകിയെന്നെും ശിവശങ്കർ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയിലെ ഡോക്ടർ സുരേഷിനെ ഇഡി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്പേസ് പാർക്കിൽ സ്വപ്നക്ക് നിയമനം നൽകിയതിൻറെ ഉത്തരവാദിത്വം കൺസൽട്ടൻസ് ഏജൻസികളുടെ തലയിൽ ചാരിയാണ് പരാമർശം. പക്ഷെ സ്വപ്ന ബയോഡാറ്റയിൽ തൻറെ പേര് റഫറനസായി വെച്ചിരുന്നു. സ്വപ്നയെ നിയമിക്കണമെന്ന് ശുപാർശ ചെയ്തിട്ടില്ലെ. ശിവശങ്കറിൻറെ സസ്പെൻഷൻിലേക്ക് നയിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിയമനത്തിൽ ഇടപെട്ടത് ശിവശങ്കർ എന്നായിരുന്നു കണ്ടെത്തൽ. മാധ്യമങ്ങൾ തൻറ രക്തത്തിനായി ദാഹിച്ചുവെന്നാണ് വിമർശനം.

ഭാരതയുദ്ധത്തിൽ ദ്രോണർ കൗരവപക്ഷത്തായിരുന്നു. ദ്രോണർ സർവ്വസൈന്യാധിപനായി നിൽക്കുന്നിടത്തോളം പാണ്ഡവർ പരാജിതരാകും എന്ന് മനസ്സിലാക്കി ദ്രോണരെ വധിക്കാൻ ഒരുപായമുപയോഗിച്ചു. കൃഷ്ണൻ ആയിരുന്നു ഇതിന്റേയും ഉപദേശകൻ. ദ്രോണർക്ക്‌ തന്റെ മകനോടുള്ള വാൽസല്യം ഏറെ പ്രസിദ്ധമാണ്‌. മകൻ മരിച്ചു എന്ന് കേട്ടാൽ ദ്രോണർ യുദ്ധരംഗത്ത്‌ സ്തംഭിച്ചുനിന്നു പോകും, അപ്പോൾ അയാളെ വധിക്കാം. സാക്ഷാൽ അശ്വത്ഥാമാവിനെ വധിക്കാൻ പറ്റുകയില്ല. പകരം കളിമണ്ണുകൊണ്ട്‌ ഒരു ആനയുടെ രൂപം ഉണ്ടാക്കി അതിന്‌ അശ്വത്ഥാമാവ്‌ എന്ന് പേരിടുക. എന്നിട്ട്‌ അതിനെ തല്ലിയുടച്ച ശേഷം അശ്വത്ഥാമാവ്‌ മരിച്ചു എന്ന് ഉറക്കെ വിളിച്ചുപറയുക. ഇതായിരുന്നു കൃഷ്ണൻ ഉപദേശിച്ചുകൊടുത്ത ഉപായം.

പാണ്ഡവരുടെ കൂട്ടത്തിൽ സത്യസന്ധൻ എന്ന് പേര്‌ കേട്ട ധർമ്മപുത്രർ പറഞ്ഞാലേ ദ്രോണർ വിശ്വസിക്കൂ. അതുകൊണ്ട്‌ ധർമ്മപുത്രർ തന്നെ വിളിച്ചുപറയണം. അങ്ങനെ ഒരു ആനയെ ഉണ്ടാക്കി തല്ലിയുടച്ചശേഷം ‘അശ്വത്ഥാമാ ഹത: കുഞ്ജര!’(അശ്വത്ഥാമാവ്‌ എന്ന ആന ചത്തു എന്നർത്ഥം. കുഞ്ജരം=ആന) എന്ന് പറഞ്ഞു. ‘അശ്വത്ഥാമാ ഹത:‘ എന്നുറക്കെയും ‘കുഞ്ജര‘ എന്ന് പുറത്ത്‌ കേൾക്കാതെ, പതുക്കെയും പറഞ്ഞു. തന്റെ മകൻ അശ്വത്ഥാമാവ്‌ മരിച്ചുപോയി എന്ന് കേട്ടയുടനെ, പാണ്ഡവപക്ഷം പ്രതീക്ഷിച്ചതുപോലെ ദ്രോണർ സ്തംഭിച്ചുപോവുകയും, ഈ സമയം നോക്കി അർജ്ജുനൻ അമ്പെയ്ത്‌ ദ്രോണരെ വധിക്കുകയും ചെയ്തു.

തന്റെ പിതാവിനെ ചതിയില്‍ വധിച്ച പാണ്ഡവരെ മുഴുവന്‍ വകവരുത്തുമെന്ന് അശ്വത്ഥാമാവ്‌ ശപഥം ചെയ്തു. പാണ്ഡവപക്ഷം താമസിച്ചിരുന്ന കൂടാരങ്ങളില്‍ രാത്രിയില്‍ കയറി ഗര്‍ഭസ്ഥശിശുക്കളടക്കം സ്ത്രീകളെയും മുതിര്‍ന്നവരേയും മുഴുവനും കൊന്നു നശിപ്പിച്ചു. എന്നാല്‍ പാണ്ഡവരെ വേറെ ഒരു സ്ഥലത്ത്‌ മാറ്റി പാര്‍പ്പിച്ചിരുന്നതുകൊണ്ട്‌ അവരെ കൊല്ലാന്‍ സാധിച്ചില്ല. സ്തീകളെയും കുട്ടികളേയും ഉറക്കത്തില്‍ കൊന്ന് നശിപ്പിച്ച അശ്വത്ഥാമാവ്‌ ഒരു നീചകഥാപാത്രമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രതികാരദാഹം മൂത്ത്‌ ഏത്‌ ദുഷ്‌കൃത്യവും ചെയ്യാന്‍ മടിക്കാത്ത ഇയാളെ ഏഴ്‌ ചിരംജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ബാക്കി ആറുപേരും ഉത്തമ കഥാപാത്രങ്ങള്‍ ആണ്‌.

അങ്ങനെ അശ്വത്ഥാമാവ് എന്ന പേരിലെ ആനയായിരുന്നു സ്വർണ്ണ കടത്തിൽ താനെന്ന് പറയുകയാണ് ശിവശങ്കർ. അതായത് മറ്റാരേയോ വീഴ്‌ത്താനുള്ള എളുപ്പമാർഗ്ഗം. മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താനുള്ള ഗൂഢനീക്കമാകും നടത്തിയതെന്ന് പറയാതെ പറയുകയാണ് പുസ്തകത്തിന്റെ പേരിലൂടെ ശിവശങ്കർ.

അതേസമയം ശിവശങ്കറിന്റെ പുസ്തകത്തെ പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. കഥയിൽ പിണറായി വിജയൻ ദ്രോണരോ കൃഷ്ണനോ അർജുനനോ ആരായാലും പഞ്ചാലി ഒരു പ്രത്യേകവ്യക്തി തന്നെയായിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്. കൃത്യം ഒരു വർഷം കഴിയുമ്പോൾ അനുഭവ കഥയും എത്തുന്നു. അറസ്റ്റിൽ തുടങ്ങി മോചനം വരെ നീളുന്ന സംഭവങ്ങളാണ് അനുഭവകഥയിലുള്ളത്. ഈ അനുഭവ കഥ എഴുതാൻ ശിവശങ്കർ സർക്കാരിൽ നിന്ന് അനുമതി വാങ്ങിയോ എന്ന ചർച്ചയും ഉയരും. എന്നാൽ ഔദ്യോഗിക രഹസ്യങ്ങൾ ഒന്നും പറയാത്ത തരത്തിലെ ജയിൽ കഥയ്ക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാൽ അനുമതി ശിവശങ്കറിന് കിട്ടിയിട്ടുണ്ടെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

ജയിൽ അനുഭവമടക്കം വിവരിച്ച് എം ശിവശങ്കറിന്റെ പിറന്നാൾദിന കുറിപ്പ് വൈറലായിരുന്നു. 59 വയസ് തികഞ്ഞ അന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്‌ബുക്കിൽ അനുഭവങ്ങൾ വിവരിച്ചത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.

സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി. 176 പേജുകളുള്ള പുസ്തകത്തിന്റെ വില 210 ആണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്വപ്‌നക്കടത്തുകേസിലെ ശിവശങ്കറിന്റെ അനുഭവങ്ങൾ പുസ്തകമാകുമ്പോൾ മലയാളി വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാധകർ.

Leave a Reply