കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്‌ടര്‍ക്കു നേരെ ആക്രമണം

0

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്‌ടര്‍ക്കു നേരെ ആക്രമണം. കാസര്‍ഗോഡ്‌ ബന്തടുക്ക പി.എച്ച്‌.സി യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായനാണ്‌ ആക്രമിക്കപ്പെട്ടത്‌. ചുമടുതാങ്ങി കെ.സി. ഹൗസില്‍ മുഹമ്മദ്‌ മൊയ്‌തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി. ദാസന്‍(70) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ പത്തോടെയാണു സംഭവം.
കണ്ണൂര്‍ യാത്രയ്‌ക്കിടെയാണു പിലാത്തറ കെ.എസ്‌.ടി.പി റോഡിലുള്ള കെ.സി. റസ്‌റ്റൊറന്റില്‍ ഡോക്‌ടറും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമെത്തിയത്‌. 31 പേരാണു സംഘത്തിലുണ്ടായിരുന്നത്‌. ഹോട്ടലില്‍നിന്ന്‌ ഭക്ഷണം കഴിച്ച ശേഷം ശൗചാലത്തില്‍ പോയപ്പോഴാണ്‌ അവിടെ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത്‌ കണ്ടത്‌. ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്‌തു. ഇത്‌ കണ്ട്‌ പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്‌. സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന്‌ ഡോക്‌ടറെ ആക്രമിക്കുകയായിരുന്നു. ഡോക്‌ടറുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ തട്ടിയെടുത്തു. ഭീഷണി തുടര്‍ന്നതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ പരിയാരം എസ്‌.എച്ച്‌.ഒ കെ.വി. ബാബുവും എസ്‌.ഐ: രൂപ മധുസൂതനനും ചേര്‍ന്നാണു പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here