പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. ഒഡിഷ എഫ്സിക്കെതിരായ പോരാട്ടത്തിൽ കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ റോയ് കൃഷ്ണ നേടിയ ഒറ്റ ഗോളിനാണ് മോഹൻ ബഗാൻ വിജയം പിടിച്ചത്. കൃഷ്ണ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്. തുടർച്ചയായ മൂന്നു മത്സരങ്ങളിലും സ്കോർ ചെയ്യാൻ താരത്തിന് സാധിച്ചു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയന്റുകളുമായി മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. സമനിലയിൽ അവസാനിക്കുമെന്ന നിലയിൽ നിന്നു അവിശ്വസനീയമായ തിരിച്ചുവരവാണ് റോയ് കൃഷ്ണയും സംഘവും ചേർന്ന് നടത്തിയത്. മത്സരത്തിൽ മികച്ച ആധിപത്യം പുലർത്തിയിട്ടും കണ്ണീരോടെ മടങ്ങാനായിരുന്നു ഒഡിഷയുടെ വിധി. റോയ് കൃഷ്ണയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
മത്സരം തുടങ്ങി ആദ്യ അഞ്ച് മിനിട്ടിൽ തന്നെ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഒഡിഷയും മോഹൻ ബഗാനും കളം നിറഞ്ഞു കളിച്ചു. എന്നാൽ പിന്നീട് മത്സരം പരുക്കൻ ശൈലിയിലുള്ള കളിയിലേക്ക് ഇരു ടീമുകളും മാറി. ഗോളവസരങ്ങളേക്കാൾ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഒഡിഷയും മോഹൻ ബഗാനും പുറത്തെടുത്തത്.
മധ്യനിര താളം കണ്ടെത്താത്തതുമൂലം ഒഡിഷയ്ക്ക് മികച്ച ഒരു അവസരം പോലും ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ മൗറിഷ്യോയിലേക്ക് പന്തെത്തിക്കാൻ മറ്റ് താരങ്ങൾക്ക് സാധിച്ചില്ല.
രണ്ടാം പകുതിയിൽ പതിഞ്ഞ താളത്തിലാണ് ഇരു ടീമുകളും കളിച്ചു തുടങ്ങിയത്. പിന്നീട് കളി കൂടുതൽ വിരസമാകുകയായിരുന്നു. ഇരു ടീമുകൾക്കും വേണ്ട വിധത്തിൽ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് മാത്രം കളിയൊതുങ്ങി. ഒഡിഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറുടെ മികച്ച പ്രതിരോധ പ്രകടനമാണ് കളിയിൽ അൽപ്പമെങ്കിലും ആവേശം നിറച്ചത്.
മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ സന്ദേശ് ജിംഗന്റെ മികച്ച ക്രോസിൽ നിന്നാണ് റോയ് കൃഷ്ണ സ്കോർ ചെയ്തത്. മികച്ച ഹെഡ്ഡറിലൂടെയാണ് കൃഷ്ണ സ്കോർ ചെയ്തത്. ഗോൾ നേടിയതും മത്സരം അവസാനിച്ചു. ഈ മത്സരത്തിലും റോയ് കൃഷ്ണ ടീമിന്റെ രക്ഷകനായി.
English summary
ATK Mohan Bagan, won the, Indian Super League, for the third time, in a row