തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ
പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റുകയായിരുന്നു.
ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി.
താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തരമായി സ്ഥലം മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തി.
English summary
At the police station
The officer who insulted the father who came to lodge the complaint in the presence of the daughter was transferred