82 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിയൊപോൾ പട്ടണം യുക്രൈൻ റഷ്യയ്ക്കു വിട്ടുകൊടുത്തു

0

കീവ്: 82 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിയൊപോൾ പട്ടണം യുക്രൈൻ റഷ്യയ്ക്കു വിട്ടുകൊടുത്തു. നഗരത്തിൽ അസ്റ്റോവ്‌സ്റ്റാൽ ഉരുക്കുനിർമാണ കേന്ദ്രത്തിലെ ചെറുത്തുനിൽപ്പ് യുക്രൈൻ പട്ടാളക്കാർ അവസാനിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 53 പേരെ റഷ്യൻ നിയന്ത്രണത്തിലുള്ള പട്ടണമായ നോവോഅസോവ്സ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 200-ലേറെ പേരെ മാനുഷിക ഇടനാഴിയിലൂടെ ഒലെനിവ്കാ ഗ്രാമത്തിലെത്തിക്കുമെന്ന് യുക്രൈൻ പ്രതിരോധസഹമന്ത്രി ഹന്നാ മാലിയാർ പറഞ്ഞു. പട്ടാളക്കാരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. പട്ടാളക്കാർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയവും അറിയിച്ചു. എന്നാൽ ഇവരെ യുക്രൈനു കൈമാറുമോയെന്ന കാര്യത്തിൽ റഷ്യ ഉറപ്പൊന്നും നൽകിയിട്ടില്ല.

ചെർണീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. നഗരത്തിലെ ദെസ്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്ന് മേഖലാ ഗവർണർ വിയാചെ‌സ്‌ലേവ് ചാവുസ് പറഞ്ഞു. റഷ്യ പ്രയോഗിച്ച നാലു മിസൈലുകളിൽ രണ്ടെണ്ണം കെട്ടിടങ്ങളിൽ പതിക്കുകയായിരുന്നു.

ലീവിവിലെ റെയിൽവേ സ്റ്റേഷനുനേരെ റഷ്യ മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായും മൂന്നു റഷ്യൻ ക്രൂയിസ് മിസൈലുകൾ യുക്രൈൻ സൈന്യം തകർത്തതായും ലീവിവ് ഗവർണർ മാക്സിം കോസിറ്റ്സ്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here