യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനമനുസരിച്ച്‌ റഷ്യന്‍ സേനയെ നേരിടാന്‍ ആയുധമെടുത്ത്‌

0

കീവ്‌: യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനമനുസരിച്ച്‌ റഷ്യന്‍ സേനയെ നേരിടാന്‍ ആയുധമെടുത്ത്‌ വിദേശികളും പ്രവാസികളും.
റഷ്യന്‍ ആക്രമണം ഭയന്ന്‌ യുക്രൈന്‍ പൗരന്‍മാരുള്‍പ്പെടെ പലായനം ചെയ്യുമ്പോള്‍ അതിര്‍ത്തിരാജ്യങ്ങളില്‍നിന്ന്‌ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ ആയുധങ്ങളുമായി യുക്രൈനിലേക്കു പോകുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഭാരമേറിയ ബാഗുകളും മിലിട്ടറി കിറ്റുകളുമേന്തിയ യുവാക്കളുടെ സംഘം പോളണ്ടില്‍നിന്നുള്‍പ്പെടെ യുക്രൈനിലേക്കു നീങ്ങിയിട്ടുണ്ട്‌.
റഷ്യന്‍ യുദ്ധക്കുറ്റവാളികളോടു ലോകപൗരന്‍മാര്‍ പോരാടുമെന്ന യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ആഹ്വാനത്തിനുള്ള മറുപടിയായാണു തങ്ങള്‍ യുക്രൈനിലേക്കു പോകുന്നതെന്നാണ്‌ യുവാക്കളുടെ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറിയിട്ടുള്ള യുക്രൈന്‍ പൗരന്‍മാരും ഇത്തരത്തില്‍ റഷ്യന്‍വിരുദ്ധ പോരാട്ടത്തിനായി ജന്മനാട്ടിലേക്കു തിരിച്ചെത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌.
യുക്രൈന്‍വംശജനായ വാസിക്‌ ഡിഡിക്‌ എന്ന 26 വയസുകാരന്‍ സുഹൃത്തിനൊപ്പം അമേരിക്കയില്‍നിന്നാണു പോളണ്ട്‌ വഴി അതിര്‍ത്തിയിലെത്തിയത്‌.
ജന്മനാട്ടില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കാനാകില്ലെന്ന്‌ വാസിക്‌ പ്രതികരിച്ചു. യാതൊരു സൈനിക പരിശീലനവും തനിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വിദേശങ്ങളില്‍ കഴിയുന്ന യുക്രൈന്‍ പ്രവാസികളും വിദേശപൗരന്‍മാരും റഷ്യയെ ചെറുക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്‌.

Leave a Reply