ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘാംഗങ്ങള്‍ പിടിയില്‍

0

കണ്ണൂര്‍: തലശേരി പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘാംഗങ്ങള്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ബി.ജെ.പി-ആര്‍എസ്‌.എസ്‌. പ്രവര്‍ത്തകരായ പ്രജിത്ത്‌, പ്രതീഷ്‌, ദിനേഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കേസില്‍ നേരത്തേ അറസ്‌റ്റിലായ ബി.ജെ.പി. തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നെന്നു പോലീസ്‌ അറിയിച്ചു.
കഴിഞ്ഞ 21-നു പുലര്‍ച്ചെ രണ്ടോടെയാണു ഹരിദാസനെ രണ്ട്‌ ബൈക്കുകളിലായെത്തിയ സംഘം വീടിനു സമീപം വെട്ടിക്കൊലപ്പെടുത്തിയത്‌. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോളായിരുന്നു ആക്രമണം. ഹരിദാസന്റെ ശരീരത്തില്‍ ഇരുപതോളം വെട്ടേറ്റിരുന്നു. ഇടതുകാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊലപാതകം രാഷ്‌ട്രീയവിരോധം മൂലമാണെന്നായിരുന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌. മുമ്പ്‌ നാലുതവണ ഹരിദാസനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
കേസില്‍ നേരത്തേ ഏഴുപേരെ കസ്‌റ്റഡിയിലെടുക്കുകയും നാലുപേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതി നിജില്‍ ദാസിന്റെ നേതൃത്വത്തിലാണു കൊലപാതകം ആസൂത്രണം ചെയ്‌തത്‌. കൂടുതല്‍ പേര്‍ അറസ്‌റ്റിലാകുമെന്നു പോലീസ്‌ അറിയിച്ചു. അറസ്‌റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ച കണ്ണൂരിലെത്തിയ എ.ഡി.ജി.പി: വിജയ്‌ സാഖറെ അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. പ്രദേശത്തെ ചില സ്‌ഥാപനങ്ങളില്‍നിന്നു ലഭിച്ച സി.സി. ടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളുമാണു കൊലയാളിസംഘത്തെ തിരിച്ചറിയാന്‍ സഹായകമായത്‌.
കേസില്‍ സംശയിക്കപ്പെടുന്ന പോലീസുകാരനെ അന്വേഷണസംഘം നിരന്തരം ചോദ്യംചെയ്‌തുവരുകയാണ്‌. കൊലപാതകം നടന്നയുടന്‍, നിലവില്‍ അറസ്‌റ്റിലായ ബി.ജെ.പി. നേതാവുമായി നടത്തിയ വാട്‌സ്‌ആപ്‌ സംഭാഷണമാണു പോലീസുകാരനെ സംശയനിഴലിലാക്കിയത്‌.

Leave a Reply