പാകിസ്‌താന്‍ പര്യടനത്തിനുള്ള 18 അംഗ ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ടീമില്‍ മൂന്നാം സ്‌പിന്നറുടെ റോളില്‍ ആഷ്‌ടണ്‍ ആഗര്‍

0

സിഡ്‌നി: പാകിസ്‌താന്‍ പര്യടനത്തിനുള്ള 18 അംഗ ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ടീമില്‍ മൂന്നാം സ്‌പിന്നറുടെ റോളില്‍ ആഷ്‌ടണ്‍ ആഗര്‍. പരുക്കിനെത്തുടര്‍ന്ന്‌ ആഷസ്‌ പരമ്പരയിലെ അവസാന നാലു മത്സരങ്ങള്‍ നഷ്‌ടമായ പേസര്‍ ജോഷ്‌ ഹേസല്‍വുഡ്‌ തിരികെയെത്തി. ഓപ്പണിങ്‌ ബാറ്ററായി മാര്‍ക്കസ്‌ ഹാരിസും രണ്ടാം ഓള്‍റൗണ്ടറായി മിച്ചല്‍ മാര്‍ഷും റിസര്‍വ്‌ വിക്കറ്റ്‌ കീപ്പറായി ജോഷ്‌ ഇന്‍ഗ്ലിസും അഞ്ചാം പേസറായി മിച്ചല്‍ നേസേറും ടീമിലുണ്ട്‌.
ഇടംകൈയന്‍ സ്‌പിന്നറായ ആഷ്‌ടണ്‍ ആഗര്‍ ആകെ നാലു ടെസ്‌റ്റ് മത്സരങ്ങള്‍ മാത്രമാണ്‌ കളിച്ചിട്ടുള്ളത്‌. 2017-നു ശേഷം ടീമില്‍ ഇടംപിടിക്കുന്നതും ആദ്യം. ജസ്‌റ്റിന്‍ ലാംഗര്‍ പടിയിറങ്ങിയതോടെ പരിശീലകച്ചുമതലയില്‍ നിയോഗിക്കപ്പെട്ട ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനു കീഴിലാകും ടീമിന്റെ പാക്‌ പര്യടനം. മൂന്നു ടെസ്‌റ്റ് മത്സരങ്ങളുടെ പരമ്പരയ്‌ക്ക് അടുത്തമാസം നാലിന്‌ റാവല്‍പിണ്ടിയില്‍ തുടക്കമാകും. മാര്‍ച്ച്‌ 12 ന്‌ കറാച്ചിയില്‍ രണ്ടാം ടെസ്‌റ്റും 21 ന്‌ ലാഹോറില്‍ മൂന്നാം ടെസ്‌റ്റും അരങ്ങേറും. മാര്‍ച്ച്‌ 29, 31, ഏപ്രില്‍ രണ്ട്‌ തീയതികളില്‍ റാവല്‍പിണ്ടിയിലാണു മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പര നിശ്‌ചയിച്ചിരിക്കുന്നത്‌. ഇതേവേദിയില്‍ ഏപ്രില്‍ അഞ്ചിന്‌ പര്യടനത്തിലെ ഏക ട്വന്റി 20 മത്സരം നടക്കും. ഏകദിന, ടി-20 പരമ്പരയ്‌ക്കുള്ള ടീമിനെ ടെസ്‌റ്റ് മത്സരങ്ങള്‍ക്കുശേഷം തെരഞ്ഞെടുക്കും.
ടെസ്‌റ്റ് ടീം: പാറ്റ്‌ കമ്മിന്‍സ്‌ (ക്യാപ്‌റ്റന്‍), സ്‌റ്റീവ്‌ സ്‌മിത്ത്‌ (വൈസ്‌ ക്യാപ്‌റ്റന്‍), ഡേവിഡ്‌ വാര്‍ണര്‍, മിച്ചല്‍ സ്‌റ്റാര്‍ക്ക്‌, മിച്ചല്‍ സെ്വപ്‌സണ്‍, ആഷ്‌ടണ്‍ ആഗര്‍, സ്‌കോട്ട്‌ ബോലാന്‍ഡ്‌, അലക്‌സ് കേരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ്‌ ഹാരിസ്‌, ജോഷ്‌ ഹേസല്‍വുഡ്‌, ട്രാവിസ്‌ ഹെഡ്‌, ജോഷ്‌ ഇന്‍ഗ്ലിസ്‌, ഉസ്‌മാന്‍ ഖവാജ, മാര്‍നസ്‌ ലാബുഷെയ്‌ന്‍, നഥാന്‍ ലയണ്‍, മിച്ചല്‍ മാര്‍ഷ്‌, മിച്ചല്‍ നേസര്‍.

Leave a Reply