Sunday, December 5, 2021

ഇന്ധനവിലയെച്ചൊല്ലി ദേശീയതലത്തില്‍ രാഷ്‌ട്രീയപ്പോര്‌ തുടരുമ്പോഴും 18 സംസ്‌ഥാനങ്ങളും ആറ്‌ കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രമാതൃകയില്‍ ഇന്ധനവില കുറച്ചു

Must Read

കൊച്ചി: ഇന്ധനവിലയെച്ചൊല്ലി ദേശീയതലത്തില്‍ രാഷ്‌ട്രീയപ്പോര്‌ തുടരുമ്പോഴും 18 സംസ്‌ഥാനങ്ങളും ആറ്‌ കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രമാതൃകയില്‍ ഇന്ധനവില കുറച്ചു. ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും തങ്ങളുടെ മാതൃകയില്‍ എല്ലാ സംസ്‌ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കണമെന്നുമാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌.
അതേസമയം, കേന്ദ്രത്തിന്റെയും മറ്റ്‌ സംസ്‌ഥാനങ്ങളുടെയും പാത പിന്തുടരാത്ത കേരളത്തിന്റെ നിലപാടിനെതിരേ വന്‍പ്രതിഷേധമുയര്‍ന്നു. അതിര്‍ത്തി മേഖലകളിലുള്ളവര്‍ വിലക്കുറവുള്ള തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കേന്ദ്രഭരണപ്രദേശമായ മാഹിയിലേക്കും ഇന്ധനം നിറയ്‌ക്കാന്‍ പായുകയാണ്‌. 1.56 രൂപ പെട്രോളിനും 2.30 രൂപ ഡീസലിനും വില കുറഞ്ഞപ്പോള്‍ ഈ സാമ്പത്തികവര്‍ഷം സംസ്‌ഥാനസര്‍ക്കാരിന്‌ 500 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നാണു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിലപാട്‌. അടുത്തവര്‍ഷം അത്‌ 1000 കോടിയാകുമെന്നും മന്ത്രി പറയുന്നു. അഞ്ചുമാസത്തിനിടെ അധികനികുതിയിനത്തില്‍ 201 കോടി രൂപയാണു കേരളം നേടിയത്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്‌ഥാനങ്ങളും അധികനികുതിയില്‍ ഇളവുവരുത്തുമെന്നു പ്രഖ്യാപിച്ചിട്ടും കേരളസര്‍ക്കാരിനു മനംമാറ്റമില്ല.
കേന്ദ്രം ഇന്ധനനികുതി ഇളവുചെയ്‌തപ്പോള്‍ സംസ്‌ഥാനനികുതിയിലും സ്വാഭാവിക കുറവുണ്ടായതാണു കേരളം കുറച്ചതായി അവകാശപ്പെടുന്നത്‌. പെട്രോളിന്‌ 30.08 ശതമാനവും ഡീസലിന്‌ 22.78 ശതമാനവുമാണു സംസ്‌ഥാനം ഈടാക്കുന്ന നികുതി. കേന്ദ്രം നികുതി കുറച്ചപ്പോള്‍ സംസ്‌ഥാനവും ആനുപാതികമായി നികുതി കുറച്ചെന്നു താത്വികമായി പറഞ്ഞ്‌ ജനങ്ങളെ പറ്റിക്കുകയാണു ധനമന്ത്രിയെന്നു ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി വര്‍ധിപ്പിച്ചെന്നും കേന്ദ്രം ഇന്ധനക്കൊള്ളയാണ്‌ നടത്തിയിരുന്നതെന്നും ആരോപിച്ച്‌ പ്രതിരോധിക്കാനാണു കേരളസര്‍ക്കാരിന്റെ ശ്രമം.
എക്‌സൈസ്‌ തീരുവ കുറച്ചതിനു പിന്നാലെ, കേന്ദ്രത്തിന്റെ ആഹ്വാനപ്രകാരമാണു ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ മൂല്യവര്‍ധിതനികുതി (വാറ്റ്‌) കുറച്ചത്‌. യു.പിയും ഹരിയാനയും കേന്ദ്രനികുതികൂടി ഉള്‍പ്പെടുത്തി ഇന്ധനവിലയില്‍ 12 രൂപ കുറച്ചു. എന്‍.ഡി.എ. ഭരിക്കുന്ന ബിഹാറും പുതുച്ചേരിയും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളും ഇതു പിന്തുടര്‍ന്നു. ഉയര്‍ന്ന വാറ്റ്‌ ഈടാക്കുന്ന രാജസ്‌ഥാനിലും മഹാരാഷ്‌ട്രയിലും പെട്രോളിന്‌ ഇപ്പോഴും 110 രൂപയിലേറെയാണു വില. മഹാരാഷ്‌ട്രയില്‍ അടിയന്തരമായി നികുതി കുറയ്‌ക്കണമെന്ന ആവശ്യം ബി.ജെ.പി. ശക്‌തമാക്കി.
എന്നാല്‍, ആശ്വാസം പകരാനുള്ള കേന്ദ്രതീരുമാനം ആത്മാര്‍ഥമാണെങ്കില്‍ 25-50 രൂപ കുറയ്‌ക്കാന്‍ തയാറാകണമെന്നാണു ഭരണകക്ഷിയായ ശിവസേനയുടെ നിലപാട്‌. പശ്‌ചിമബംഗാളിലും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലും സമാനമായ സമ്മര്‍ദം ബി.ജെ.പി. ഉയര്‍ത്തുന്നുണ്ട്‌. 18 മാസത്തിനിടെ പെട്രോളിനും ഡീസലിനും യഥാക്രമം 35 രൂപയുടെയും 26 രൂപയുടെയും വര്‍ധനയുണ്ടായെന്നു കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇപ്പോഴത്തെ ഇളവ്‌ അപര്യാപ്‌തമാണ്‌. തങ്ങള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഇന്ധനവില കുറയ്‌ക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുകയാണെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ പവന്‍ ഖേര പറഞ്ഞു.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News