Sunday, December 5, 2021

തങ്ങള്‍ തയാറാക്കിയ റൂള്‍ കര്‍വ്‌ പോലും പാലിക്കാന്‍ തമിഴ്‌നാട്‌ തയാറാകാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പു ക്രമീകരിക്കാന്‍ പൊതുസ്വീകാര്യമായ സ്‌ഥിരം സംവിധാനം വേണമെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും

Must Read

കൊച്ചി : തങ്ങള്‍ തയാറാക്കിയ റൂള്‍ കര്‍വ്‌ പോലും പാലിക്കാന്‍ തമിഴ്‌നാട്‌ തയാറാകാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പു ക്രമീകരിക്കാന്‍ പൊതുസ്വീകാര്യമായ സ്‌ഥിരം സംവിധാനം വേണമെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും. കേന്ദ്ര ജലകമ്മിഷനും (സി.ഡബ്ല്യൂ.സി.) അംഗീകരിച്ച തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌ പ്രകാരം ഇന്നലെ ഡാമില്‍ സംഭരിക്കാന്‍ കഴിയുന്നതു പരമാവധി 138 അടിയായിരുന്നു. കേരളം തയാറാക്കിയ റൂള്‍ കര്‍വ്‌ പ്രകാരം 136 അടി ജലം. എന്നാല്‍, ജലനിരപ്പ്‌ 138.95 അടിയായി തുടരുകയാണ്‌.
ഈ മാസം പത്തുവരെ സംഭരണം 139.55 അടിയില്‍ കൂടരുതെന്നു സുപ്രീം കോടതി കഴിഞ്ഞാഴ്‌ച നിര്‍ദേശിച്ചിരുന്നു. ഈ വിധിയുടെ മറവിലാണു റൂള്‍ കര്‍വ്‌ പാലിക്കാതെ ജലനിരപ്പു കുറയ്‌ക്കാന്‍ തമിഴ്‌നാട്‌ തയാറാകാത്തത്‌. തങ്ങളുടെ റൂള്‍ കര്‍വിനെ എതിര്‍ത്തു കേരളം സുപ്രീം കോടതിയെ സമീപിച്ചതു തമിഴ്‌നാടിനെ ചൊടിപ്പിച്ചതാണു ജലനിരപ്പു കുറയ്‌ക്കാത്തതിനു പിന്നിലെന്നാണു കേരളത്തിന്റെ കണക്കുകൂട്ടല്‍. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ താല്‍പര്യവും മറികടന്നാണു ഉദ്യോഗസ്‌ഥരുടെ പോക്ക്‌. 11 നാണു കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌.
ആറു ഷട്ടറുകള്‍ തുറന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തമിഴ്‌നാട്‌ തയാറാകാത്തതാണു ജലനിരപ്പു താഴാതിരിക്കാന്‍ കാരണം. അതിനാല്‍, തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌ സ്വീകരിക്കാന്‍ കഴിയില്ല. ഐ.ഐ.ടി. പോലുള്ള മികച്ച സ്വതന്ത്ര സ്‌ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പുതിയ റൂള്‍ കര്‍വ്‌ തയാറാക്കണം. അണക്കെട്ടിന്റെ കാലപ്പഴക്കം കണക്കിലെടുത്തു ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ റൂള്‍ കര്‍വ്‌ അനിവാര്യമാണെന്നും കേരളം സുപ്രീം കോടതിയെ അറിയിക്കും. കേസില്‍ സംസ്‌ഥാനത്തിന്റെ വാദം അവതരിപ്പിക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്‌.
സ്‌പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്ക്‌ ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ്‌ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിനു കഴിഞ്ഞിട്ടില്ല. സെക്കന്‍ഡില്‍ 2974 ഘനയടി വെള്ളമാണു സ്‌പില്‍വേയിലൂടെ ഇടുക്കിയിലേക്ക്‌ ഒഴുകുന്നത്‌. 2340 ഘനയടി വീതം തമിഴ്‌നാട്‌ കൊണ്ടു പോകുന്നുണ്ട്‌.
ജലനിരപ്പ്‌ താഴ്‌ത്താനായി കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍ തമിഴ്‌നാടിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുപ്രീം കോടതി പറഞ്ഞ 139.55 അടിയില്‍ സംഭരണം നിലനിര്‍ത്താനുള്ള അല്ലാ അടവും പയറ്റുകയാണു തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍. അതിനെ നിയമപരമായി എതിര്‍ക്കാന്‍ കേരളത്തിനാവില്ല.
എതിര്‍ത്താന്‍ അവര്‍ക്കു സുപ്രീംകോടതിയെ സമീപിക്കാം. എന്നാല്‍, കേരളത്തെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാന്‍ തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം തുറന്നുവിടാനും സാധ്യതയുണ്ട്‌. സ്‌പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ്‌ മൂന്നടിയോളം ഉയര്‍ന്നിട്ടുമുണ്ട്‌. ഈ മാസം നാലു വരെ സംസ്‌ഥാനത്തു മഴ ശക്‌തമാകുമെന്നു പ്രവചിച്ചതോടെ സ്‌ഥിതിഗതി ആശങ്കാജനകമാണ്‌.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News