Thursday, July 29, 2021

ആര്യനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ആകെയുള്ളത് 16 ബസ്; വേണ്ടത് 34 എണ്ണം; 4 എണ്ണം മറ്റു ഡിപ്പോകളിലേക്ക്; രാത്രിയിൽ ബസ് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ്

Must Read

ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും രാത്രിയിൽ ബസ് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമം പഞ്ചായത്ത് പ്രസിഡൻറ്‌ വി.ബിജുമോഹന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർ തടഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ആകെ 16 ബസുകൾ മാത്രമാണ് ആര്യനാട് ഡിപ്പോയിൽനിന്ന്‌ ഇപ്പോൾ സർവീസ്‌ നടത്തുന്നത്. ഇതിൽ മൂന്ന് ഫാസ്റ്റ് ബസുകളിൽ രണ്ടെണ്ണം കാട്ടാക്കടയിലേയ്ക്കും ഒരെണ്ണം വെള്ളറട ഡിപ്പോയിലേയ്ക്കും ഒരു സൂപ്പർഫാസ്റ്റ് മൂവാറ്റുപുഴ ഡിപ്പോയിലേക്കും മാറ്റാനുള്ള ശ്രമമാണ് തടഞ്ഞത്. ബസ് കൊണ്ടുപോകാനായി മൂന്ന് ഡ്രൈവർമാരെ രാത്രിയോടെ ഡിപ്പോയിൽ എത്തിച്ചു. ഇതോടെ രംഗം വഷളായി. വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ ആര്യനാട് പഞ്ചായത്ത് പ്രസിഡൻറ്‌ ബിജുമോഹനും സി.പി.എം. പ്രവർത്തകരും ചേർന്ന് ഡിപ്പോയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ ബി.ജെ.പി. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ.യുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രസിഡൻറ് നടത്തിയ ചർച്ചയെത്തുടർന്ന് രാത്രിയിൽ ബസ്‌ കൊണ്ടുപോകാനുള്ള നീക്കം ഡിപ്പോ അധികൃതർ ഉപേക്ഷിച്ചു. മലയോരമേഖലകളിലേയ്ക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കു മുൻപാണ് ആര്യനാട് കേന്ദ്രമാക്കി കെ.എസ്.ആർ.ടി.സി. ഡിപ്പോ അനുവദിച്ചത്. 34 ബസുകളാണ് വർഷങ്ങളായി ഇവിടെ സർവീസ്‌ നടത്തിയിരുന്നത്. കൊറോണ സമയത്ത് ഇവിടെനിന്നും ക്രമേണ സർവീസുകൾ കുറച്ച് ബസുകൾ പല ഡിപ്പോകളിലേക്കു മാറ്റിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News