ഇറ്റാനഗർ: ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അരുണാചല്‍ സ്വദേശി മിറാം തരോൺ കടുത്ത മാനസിക പീഡനത്തിന് ഇരയായതായി പിതാവ് ഒപാങ് തരോണ്‍. തന്റെ മകനെ ചൈനീസ് പട്ടാളക്കാർ ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്തു. തിരിച്ചെത്തിയെങ്കിലും മകൻ കടുത്ത മാനസികാഘാതത്തിലാണെന്നും അതിൽ നിന്ന് മോചിതനായിട്ടില്ല. കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍ മറയ്ക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് അവന്റെ കൈകള്‍ അഴിച്ചിരുന്നതെന്ന് പിതാവ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യന്‍ സൈന്യം കുടുംബത്തിന് കൈമാറിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചൈനീസ് സൈന്യം മിറാം തരോണിനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നെങ്കിലും ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ക്വാറന്റീന് അവസാനിച്ചതോടെയാണ് മിറാം തരോണ്‍ കുടുംബത്തിനടുത്തെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം അപ്പര്‍ സിയാങ് ജില്ലയിലെ ട്യൂട്ടിംഗില് നടന്ന ചടങ്ങില്‍ മിറാം തരോണിനെ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യം വിട്ടതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ശാശ്വത് സൗരഭ് പറഞ്ഞു.