കുട്ടനാട്: കയത്തില്‍ മുങ്ങിത്താണ രണ്ടുജീവനുകളെ കൈപിടിച്ചു ജീവിതത്തിലേക്കു തിരികെ കയറ്റിയ അരുണിനു ജീവന് രക്ഷാപതക് അവാര്‍ഡ്. 2019ഏപ്രില്‍ 18നാണ് കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന് അരുണ്‍ തോമസ് നാടിന്റെ രക്ഷകനായത്. കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ അപര്‍ണിക എന്നിവരെയാണ് അരുണ്‍ അന്നു രക്ഷിച്ചത്. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി തോടിന്റെ സംരക്ഷണഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്ന ഇളയമകളും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില് കേട്ടാണു വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തിയത്. ബന്ധുവീട്ടില്‍ കയറിയിരുന്ന കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് സജിത്ത് ഓടിയെത്തിയപ്പോഴേക്കും അരുണ്‍ ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചിരുന്നു.
14 വയസ്സുകാരനായ അരുണ്‍ നിലവില്‍ കൈനകരി സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. നേരത്തെ സ്കൂളിലെ നീന്തല്‍ കോച്ചിങ് ക്യാമ്പിലെ സജീവ അംഗമായിരുന്നു. രക്ഷാപതക് കിട്ടിയപ്പോഴും അതിനെപ്പറ്റി പ്രത്യേകിച്ചൊന്നും അരുണിനു പറയാനില്ല. ഒത്തിരി പേര് ഫോണിലൂടെയും നേരിട്ടും അഭിനന്ദിച്ചെന്നും വലിയ സന്തോഷമായെന്നും അരുണ്‍ പറയുന്നു.
English summary
Arun wins life saver award for rescuing two drowned