അമ്പട റായുഡു! കോരിത്തരിപ്പിച്ച് അമ്പാട്ടി റായുഡുവിന്‍റെ ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ച്

0

മുംബൈ: കണ്ടവരുടെ ഹൃദയം ഒരുനിമിഷം നിലപ്പിച്ച ക്യാച്ച്. ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അമ്പാട്ടി റായുഡു എടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ആകാശ് ദീപിനെ പുറത്താക്കാനായിരുന്നു ഒറ്റക്കൈ കൊണ്ട് റായുഡു മാജിക്.

ആര്‍സിബി ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ ഒന്‍പതാമനായിറങ്ങിയ ആകാശ് ദീപിനെ വിസ്‌മയ ക്യാച്ചില്‍ മടക്കുകയായിരുന്നു അമ്പാട്ടി റായുഡു. ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു ആകാശ് ദീപ്. എന്നാല്‍ വായുവിലുയര്‍ന്ന പന്തില്‍ ഷോര്‍ട് കവറിലെ മുഴുനീള പറക്കലിനൊടുവില്‍ ഒറ്റക്കൈയില്‍ കുരുക്കുകയായിരുന്നു റായുഡു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു.

Leave a Reply