ആദ്യ ഡേറ്റിങ്ങിംഗ് ആഘോഷമാക്കാൻ അപരിചിതനായ യുവാവിന്റെ വീട്ടിലെത്തുന്നു; പെട്ടന്നുണ്ടായ ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ കുടുങ്ങി യുവതി; പിന്നീട് നടന്നത്…

0

ബെയ്ജിംഗ്: കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ അപരിചിതനായ യുവാവിന്റെ വീട്ടിൽ ഡേറ്റിംഗിനെത്തിയ യുവതി പെട്ടന്നുണ്ടായ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ വാർത്തയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. മിസ് വാങ് എന്ന് അറിയപ്പെടുന്ന യുവതി കഴിഞ്ഞ ആഴ്ച വീചാറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റിംഗിന്റെ ഭാഗമായി ഒരുമിച്ച് ഭക്ഷണം കഴിക്കാനാണ് യുവാവിന്റെ വീട്ടിലെത്തിയതെന്നും എന്നാൽ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടർന്ന് അവിടെ പെട്ടു പോയതായും യുവതി പറയുന്നു.

“എനിക്ക് വിവാഹ പ്രായമായി, അതിനാൽ എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി 10ലധികം പെണ്ണുകാണലുകൾ സംഘടിപ്പിച്ചിരുന്നുവെന്നും,” യുവതി ഈ പോസ്റ്റിൽ പറയുന്നുണ്ട്. യുവതിയെ അഞ്ചാമതായി പെണ്ണു കാണാൻ എത്തിയ യുവാവിന്റെ വീട്ടിലാണ് യുവതി ഇപ്പോൾ ഉള്ളത്. “അദ്ദേഹം പാചകത്തിൽ നല്ല കഴിവുള്ള വ്യക്തിയാണ്. അതിനാലാണ് എന്നെ ഭക്ഷണം കഴിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചത്” എന്നും യുവതി കുറിച്ചു.

എന്നാൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് യുവാവിന്റെ പ്രദേശത്ത് പെട്ടന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് യുവാവിന്റെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. താൻ ഡേറ്റിംഗിനെത്തിയ യുവാവിന്റെ വീട്ടിൽ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണെന്നും സാഹചര്യം “അനുയോജ്യമല്ല” എന്നുമാണ് മിസ് വാങ് ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം തനിക്കായി പാചകം ചെയ്യുന്നത് യുവാവാണെന്നും യുവതി പറഞ്ഞു. എന്നാൽ “അദ്ദേഹം അധികം സംസാരിക്കില്ല” എന്നും യുവതി കൂട്ടിച്ചേർത്തു.

ഇപ്പോഴും യുവതി അപരിചിതനായ ആ യുവാവിന്റെ വീട്ടിൽ കുടുങ്ങിക്കിടക്കുകയാണോ എന്ന് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലും ഷെങ്‌ഷൗവിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷെങ്‌ഷൗവിൽ 100ലധികം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായി ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗരത്തിൽ അവശ്യേതര സാധനങ്ങൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. കൂടാതെ നഗരത്തിലെ 12.6 മില്യൺ നിവാസികളെ കോവിഡ് -19 കാരിയറുകളാണോയെന്ന് പരിശോധിക്കുന്നതിനായി വൻ തോതിലുള്ള കോവിഡ് 19 ടെസ്റ്റിംഗ് ഡ്രൈവുകളും ആരംഭിച്ചിട്ടുണ്ട്.

ചൈനയുടെ സീറോ കോവിഡ് 19 നയത്തിന്റെ ഭാഗമായാണ് വൈറസ് കേസുകൾ കണ്ടെത്തുമ്പോൾ തന്നെ കമ്മ്യൂണിറ്റികളിൽ അതിവേഗം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. പെട്ടെന്നുള്ള ലോക്ക്ഡൗൺ നടപടികൾ കാരണം കഴിഞ്ഞ ആഴ്ചകളിൽ പ്രദേശത്ത് കുടുങ്ങിപ്പോയ ഒരേയൊരു വ്യക്തിയല്ല മിസ് വാങ്. ഇത്തരത്തിൽ നിരവധി പേർ വിവിധയിടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം, വടക്കൻ നഗരമായ സിയാനിൽ ഒരാൾ വീടുമാറുന്നതിനിടയിൽ ഇത്തരത്തിൽ കുടുങ്ങിപ്പോയിരുന്നു. തന്റെ കാറിൽ നിന്ന് ലഗേജ് എടുക്കാൻ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.

Leave a Reply