Monday, September 27, 2021

അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാർത്തി,ദേവാസുരത്തിൽ സുഭദ്ര സൂത്രധാരനിലെ റാണീയമ്മ… മറക്കാനാകുമോ ഈ കഥാപാത്രങ്ങളെ

Must Read

അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാർത്തി,ദേവാസുരത്തിൽ സുഭദ്ര സൂത്രധാരനിലെ റാണീയമ്മ. അങ്ങിനെ മലയാളത്തിൽ എണ്ണം പറഞ്ഞ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നു വരുന്നതെങ്കിലും പിന്നെയും കുറച്ച് നാളെടുത്തു മലയാളത്തിലെ മികച്ച കഥാപാത്രങ്ങളിലേക്ക് എത്താൻ. എം ടി -ഹരിഹരൻ ടീമിൻ്റെ ‘പഞ്ചാഗ്നി’യിലെ ശാരദ ചിത്രയുടെ അഭിനയ മികവിനുള്ള സാക്ഷ്യപത്രമാണ്. നക്‌സലൈറ്റായ ഇന്ദിരയുടെ (ഗീത ) കൂട്ടുകാരിയാണ് ചിത്രയുടെ ശാരദ. ഇന്ദിര പരോളിൽ പുറത്തിറങ്ങിയപ്പോൾ അവളെ സ്നേഹത്തോടെ സ്വീകരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ശാരദ. തന്നെ കെട്ടിപ്പിടിച്ച ശാരദയോട് ഇന്ദിര ചോദിക്കും – ” നിനക്ക് എന്നെ തൊടാൻ പേടി ഇല്ലേ?”. ശാരദ അതിന് മറുപടി നൽകുന്നത് ‘ ആ രാത്രി മാഞ്ഞു പോയി’ – എന്ന ഗാനത്തിലൂടെയാണ്.


തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്.

സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.

അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.

മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.

‘പ്ലാവില പാത്രങ്ങളിൽ പാവയ്ക്ക് പാൽ കുറുക്കുന്ന ‘ കൊച്ചു കൂട്ടുകാരിയായാണ് ഇന്ദിരയെ ഇപ്പോഴും താൻ കാണുന്നതെന്ന് ശാരദ പാട്ടിലൂടെ പറയുന്നു. ‘പൂവിനെ പോലും നുള്ളി നോവിക്കാൻ അരുതാത്ത സ്നേഹം’ ഇപ്പോഴും നിൻ്റെ ഉള്ളിലുണ്ടെന്നും ശാരദ തൻ്റെ കൂട്ടുകാരിയെ ഓർമിപ്പിക്കുന്നു. നീണ്ട പ്രണയത്തിന് ഒടുവിലാണ് ശാരദ രാജനെ (മുരളി) വിവാഹം ചെയ്‌തത്. പ്രണയകാലത്ത് രാജൻ ഇന്ദിരയുടെ മേൽവിലാസത്തിലാണ് ശാരദയ്ക്ക് കത്തുകൾ എഴുതിയിരുന്നത്. എന്നാൽ, ഇപ്പോൾ രാജൻ ‘നിൻ്റെ കൂട്ടുകാരിയുടെ പേരെന്താണെന്ന്?’ ചോദിച്ചത് ശാരദയെ ക്ഷുഭിതയാകുന്നതും നാം കണ്ടു. ” ഒരു ആയിരം കത്ത് നിങ്ങൾ അവളുടെ പേരിൽ എനിക്ക് എഴുതിയിട്ടുണ്ട്. ഇനി എന്നാണാവോ എൻ്റെ പേരും നിങ്ങൾ മറക്കുന്നത്?” – എന്ന ശാരദയുടെ മറുപടിയിൽ രാജൻ ചെറുതാകുന്നു. സ്വന്തം സഹോദരങ്ങൾ പോലും ഇന്ദിരയെ തള്ളിപ്പറഞ്ഞിട്ടും ശാരദയെന്ന കൂട്ടുകാരി ഇന്ദിരയുടെ കൈവിടാത്തത് പഞ്ചാഗ്നിയുടെ സൗന്ദര്യമാണ്. ഇങ്ങനെ ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഏത് സ്ത്രീയും മോഹിക്കുന്ന രീതിയിൽ ചിത്ര ആ കഥാപാത്രത്തെ അനശ്വരമാക്കി.

എം ടി -ഹരിഹരൻ ടീമിൻ്റെ ‘ഒരു വടക്കൻ വീരഗാഥ’ യിലും ചിത്രയ്ക്ക് മികച്ച റോളുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരും ചതിച്ച ചന്തുവിന് കൂട്ടിരിക്കുന്ന കുഞ്ചുണ്ണൂലി യഥാർഥത്തിൽ, ശാരദയുടെ ഒരു തുടർച്ചയാണ്. ചന്തുവിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, അയാളുടെ നിഴൽ പോലെ അവസാനം വരെ കുഞ്ചുണൂലി രംഗത്തുണ്ട്. ദേവാസുരത്തിൽ മുണ്ടയ്ക്കൽ രേഖരൻ്റെ ആണഹന്തയെ അടിച്ചിരുത്തുന്ന ചന്ദ്രാലയം സുഭദ്രാമ്മയുടെ ഡയലോഗുകൾ തിയ്യറ്ററുകളിൽ ആവേശത്തിരയിളക്കിയിരുന്നു. കമീഷണറിലെ അഡ്വ. ശ്രീലതാ വർമ, ഏകലവ്യനിലെ ഹേമാംഭര, അദ്വൈതത്തിലെ കാർത്തി, അമ്മയാണ് സത്യത്തിലെ മാർഗരറ്റ്.. തുടങ്ങി മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങൾ ചിത്ര സമ്മാനിച്ചിട്ടുണ്ട്. അഭിനയിച്ച റോളുകളിൽ മിക്കതും പ്രേക്ഷകരുടെ ഓർമയിൽ നിലനിൽക്കുന്നത് നിസാര കാര്യമല്ല. ഒരു അഭിനേതാവിൻ്റെ ജീവിതത്തിൻ്റെ വിജയത്തിൻ്റെ സൂചികയാണത്. ഈ അർഥത്തിൽ ചിത്ര വിജയിച്ചിരിക്കുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News