സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ? എങ്കിൽ അവർ നിങ്ങളെയും തേടിയെത്തിയേക്കാം

0

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ? എങ്കിൽ അവർ നിങ്ങളെയും തേടിയെത്തിയേക്കാം. മിനിറ്റുകൾക്കുള്ളിൽ വായ്പ ശരിയാക്കിത്തരാമെന്ന മോഹന വാഗ്ദാനം നൽകിയാണ് ഇവർ നിങ്ങളെ സമീപിക്കുന്നത്. ഇതു വിശ്വസിച്ച് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ വഴി വായ്പയെടുക്കുന്ന വീട്ടമ്മമാരും യുവാക്കളുമാണ് കെണിയിൽ പെടുക.

പലിശ ആദ്യം തന്നെ!

ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്ട് ലിസ്റ്റ്, ഫോൺ മെമ്മറി, ക്യാമറ എന്നിവ കൂടി ആപ്പിനു നൽകണം. അല്ലാത്തപക്ഷം ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല. ഇൻസ്റ്റാൾ ചെയ്ത ശേഷം ആവശ്യമുള്ള വായ്പയ്ക്ക് അപേക്ഷിക്കാം. ആധാർ കാർഡോ പാൻ കാർഡോ കൂടി അപ് ലോഡ് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. എന്നാൽ ആവശ്യപ്പെട്ട തുകയുടെ പകുതിയോളം രൂപ പലിശ ഇനത്തിൽ പിടിച്ച ശേഷം ബാക്കി തുക മാത്രമേ അക്കൗണ്ടിലെത്തൂ.

വ്യാജ സെർവറുകള്‍

ഒരാഴ്ചയ്ക്കുള്ളിൽ പണം തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ ആദ്യം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തും. അടുത്ത ഘട്ടം കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വാട്സാപ്പിലേക്ക് അശ്ലീല മെസേജുകൾ അയക്കും. എന്നിട്ടും പണം അടച്ചില്ലെങ്കിൽ ഫോണിൽ നിന്നെടുത്ത ഫോട്ടോകൾ മോർഫു ചെയ്ത് പ്രദർശിപ്പിക്കും. പലരും ഭയന്ന് ചോദിക്കുന്ന പണം തിരികെ നൽകും. വ്യാജ സെർവറുകളിൽ നിന്നാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്. അതിനാൽ ഇതിനു പിന്നിലുള്ളവരെ പിടികൂടാനും എളുപ്പമല്ല.

ഇത്തരം ആപ്പുകൾ വഴി ഒരു കാരണവശാലും വായ്പ എടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പു നൽകുന്നു. സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Leave a Reply