Sunday, September 26, 2021

മേല്‍ശാന്തി നിയമനം; ബി.ഡി.ജെ.എസ് പ്രതിഷേധ ധര്‍ണ ബുധനാഴ്ച

Must Read

പെരുമ്പാവൂര്‍: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിൻ്റെ പ്രതിഷേധ ധർണ പെരുമ്പാവൂരിൽ.
സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10.30 നാണ് പ്രതിഷേധ ധർണ.

താന്ത്രിക വിദ്യ പഠിച്ചിട്ടുള്ള ഹിന്ദു ശാന്തിമാരെ ജാതി വിവേചനമില്ലാതെ മേല്‍ശാന്തിമാരായി നിയമിക്കുക, പിന്നോക്ക ദലിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക, ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനങ്ങളിലെ മലയാളി ബ്രാഹ്മണനെ അപേക്ഷിക്കാവു എന്ന വ്യവസ്ഥ ഒഴിവാക്കി അവര്‍ണ സമുദായത്തില്‍പ്പെട്ട യോഗ്യരായ ശാന്തിമാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ധര്‍ണ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് എ.ബി. ജയപ്രകാശ് അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി വൈദിക യോഗം ജില്ല കണ്‍വീനര്‍ ഷിബു ശാന്തികള്‍ ആമുഖ പ്രസംഗം നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ എ.ബി. ജയപ്രകാശ്, ഷിബു ശാന്തികള്‍, ടി.എസ്. ബൈജു, കെ.എ. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

നവോത്ഥാന മൂല്യങ്ങൾ കൊട്ടിഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശനം കിട്ടാൻ സമരം ചെയ്യേണ്ട ദുരവസ്ഥയിലാണ് കേരളത്തിലെ അവർണ ശാന്തിമാർ. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി താന്ത്രികവിദ്യയുടെയും പ്രതിഷ്ഠാദികർമ്മങ്ങളുടെയും അധികാരം ബ്രാഹ്മണരിൽ മാത്രം നിക്ഷിപ്തമായ ഒന്നല്ലെന്ന് ശ്രീനാരായണഗുരു വിളംബരം ചെയ്തിട്ട് ഒന്നരനൂറ്റാണ്ടോടടുത്തിട്ടും അത് ഉൾക്കൊള്ളാൻ കഴിയാത്ത വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഇന്നുമുണ്ടെന്ന യാഥാർത്ഥ്യം ഞെട്ടലുണ്ടാക്കുന്നു. ശബരിമല മേൽശാന്തിയാകാൻ മലയാള ബ്രാഹ്മണർക്ക് മാത്രമാണ് അധികാരമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിക്കുമ്പോൾ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകന്മാരും അത് നിശബ്ദമായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം അപമാനകരമാണ്.

ശബരിമല മേല്‍ശാന്തി നിയമനം

2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ജൂണ്‍ ഒന്നിനാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള നീട്ടിയ കാലാവധി 2021 ജൂലൈ 9ന് അവസാനിച്ചു. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ ശബരിമല / മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. ജാതീയമായ സാമൂഹ്യവിഭജനങ്ങളെയും ബ്രാഹ്‌മണിക് അധികാരങ്ങളെയും ഉറപ്പിക്കുന്ന ഈ നിബന്ധനയിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെപ്പോലും മറികടന്ന് ബ്രാഹ്‌മണരുടെ ജാതി / ജന്മ ശ്രേഷ്ഠതയെ സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.

സിജിത്ത് ടി.എല്‍., വിജീഷ് പി.ആര്‍., സി.വി. വിഷ്ണുനാരായണന്‍ തുടങ്ങി അവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ള ശാന്തിക്കാര്‍ ഈ വര്‍ഷം ശബരിമല മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ തൃശൂര്‍ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേല്‍ശാന്തിയായ സിജിത്ത് സംസ്‌കൃതത്തില്‍ രണ്ട് എം.എ. ബിരുദം നേടിയിട്ടുണ്ട്. സി.വി. വിഷ്ണുനാരായണനും സംസ്‌കൃത സാഹിത്യത്തില്‍ ബിരുദാനനന്തര ബിരുദധാരിയാണ്. വിജീഷും സംസ്‌കൃതത്തില്‍ ബിരുദമുള്ളയാളാണ്. ശബരിമല മേല്‍ശാന്തി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.ആര്‍. രാജേഷ് മുഖേന സിജിത്തും വിജീഷും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് മുഖേന സി.വി.വിഷ്ണുനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ മുന്‍പിലെത്തിയിട്ടുണ്ട്.

എന്‍.ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസ്

ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധികള്‍ക്കെതിരായതും പ്രസ്തുത വിധികളെ മുന്‍നിര്‍ത്തി ദേവസ്വം ബോര്‍ഡുതന്നെ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധവുമാണ്. ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തില്‍ ജാതീയ വിവേചനം പാടില്ലെന്ന് എന്‍.ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിട്ടുണ്ട്.

ബ്രാഹ്‌മണിക് അധികാരങ്ങള്‍ രൂപപ്പെടുത്തിയ ജന്മമഹത്വം എന്ന സങ്കല്പവും ഭരണഘടനാ മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു യഥാര്‍ത്ഥത്തില്‍ ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസ്. ഈഴവ സമുദായത്തില്‍ ജനിച്ച കെ.എസ്. രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെതിരെ മലയാള ബ്രാഹ്‌മണനായ, ശിവഭക്തന്‍ എന്നവകാശപ്പെട്ട എന്‍. ആദിത്യന്‍ നല്‍കിയ ഹര്‍ജിയാണ് നീണ്ട ഒന്‍പതു വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കു കാരണമായത്.

1992 ലാണ് കേസിനാസ്പദമായ വിജ്ഞാപനം പുറത്തിറങ്ങിയത്. 299 അപേക്ഷ ദേവസ്വത്തിന് ലഭിക്കുകയും 234 പേര്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ നിന്ന് 54 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. നിയമനത്തിന് അര്‍ഹത ലഭിച്ചവരില്‍ 31ാം റാങ്കുകാരനായിരുന്നു കെ.എസ്. രാകേഷ്. ഈഴവ സമുദായത്തില്‍ നിന്നുള്ള പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകനാണ് അദ്ദേഹം. രാകേഷിന് നിയമനം ലഭിച്ചത് പറവൂരിലെ നീറിക്കോട് ശിവക്ഷേത്രത്തിലാണ്. (കൊങ്ങോര്‍പ്പിള്ളി നീറിക്കോട് ശിവക്ഷേത്രം, ആലേങ്ങാട് വില്ലേജ്, എറണാംകുളം). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള താരതമ്യേന ചെറിയ ഒരു ക്ഷേത്രമായിരുന്നു ഇത്.

ഈഴവ സമുദായത്തില്‍പ്പെട്ട ഒരാള്‍ ശിവക്ഷേത്രത്തില്‍ കടന്ന് പൂജ ചെയ്യുന്നത് ഭക്തന്‍ എന്ന നിലയ്ക്കുള്ള തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മലയാള ബ്രാഹ്‌മണരല്ലാത്ത ആരും അതിനു മുന്‍പ് ആ ക്ഷേത്രത്തില്‍ പൂജ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശാന്തിക്കാരന്‍ മലയാള ബ്രാഹ്‌മണനായിരിക്കണമെന്നും ക്ഷേത്രം പിന്‍തുടരുന്ന മാമൂല്‍ (usage) അതാണെന്നുമായിരുന്നു ഹര്‍ജ്ജിയില്‍ വിശദീകരിച്ചിരുന്നത്. ഈഴവ സമുദായത്തില്‍പ്പെട്ട രാകേഷ് പൂജ ചെയ്യുന്നത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹര്‍ജ്ജിക്കാരന്‍ ആരോപിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിവക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവര്‍ണന് അധികാരമില്ലെന്നാരോപിച്ചു കൊണ്ടുള്ള ഒരു കേസ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നതെന്നുകൂടി ഓര്‍ക്കണം. കേരള നവോത്ഥാനത്തെ സംബന്ധിച്ച മഹത്വവത്കരണങ്ങള്‍ (glorified narratives) തകര്‍ന്നു പോകുന്ന സന്ധി കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

രാകേഷ് അബ്രാഹ്‌മണനായതിനാല്‍ അദ്ദേഹത്തെ ശാന്തിയായി നിയമിക്കുന്നതിനെതിരെ വേഴപ്പറമ്പുമനയിലെ കാരണവര്‍ കത്തു നല്‍കിയിരുന്നതായും കോടതി രേഖകളില്‍ കാണാം. കേസിനെ തുടര്‍ന്ന് ശാന്തിനിയമനം സ്റ്റേ ചെയ്യപ്പെട്ടു. രാകേഷിന് പകരം ശ്രീനിവാസന്‍ പോറ്റിയെ ക്ഷേത്രത്തിലെ താല്‍കാലിക ശാന്തിയായി നിയമിക്കുകയും ചെയ്തു. ഹൈക്കോടതി സിങ്കിള്‍ ബഞ്ച് രാകേഷിന്റെ നിയമനം സ്റ്റേ ചെയ്തതിനൊപ്പം കേസ് ഡിവിഷന്‍ ബഞ്ചിനു കൈമാറി. ജസ്റ്റിസുമാരായ കെ.തോമസ്, കെ. ഉഷ, കെ. ഷണ്‍മുഖം എന്നിവരുടെ ബഞ്ചാണ് കേസ് കേട്ടത്.

രാകേഷിന്റെ നിയമനം 1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 24, 31 വകുപ്പുകളുടെ ലംഘനമാണ് എന്ന വാദത്തിന്റെ സാധുതയാണ് കോടതി ആദ്യം പരിശോധിച്ചത്. നിയമത്തിന്റെ 24, 31 വകുപ്പുകളില്‍ പറയുന്ന usage അഥവാ കീഴ്‌വഴക്കം എന്ന പദത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനയുടെ അനുഛേദം 15 (1), 16 (2) എന്നിവയുടെ വെളിച്ചത്തിലാണ് കോടതി ഈ തീര്‍പ്പിലെത്തിയത്.

usage അഥവാ കീഴ്‌വഴക്കത്തിന് യാതൊരു പ്രയോഗസാധുതയും ശാന്തി നിയമനക്കാര്യത്തിലില്ലെന്ന് വ്യക്തമാക്കുന്ന 1995- ലെ കേരള ഹൈക്കോടതി വിധിയിലെ പ്രസക്തഭാഗം.
മലയാള ബ്രാഹ്‌മണര്‍ മാത്രമേ പൂജ ചെയ്യാവൂ എന്ന ഹര്‍ജിക്കാരന്റെ വാദം ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കിളുകളില്‍ വ്യക്തമാക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്നതും ഈ വിധിന്യായത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. ജാതികളുടെ ആചാരങ്ങളെ മതാചാരമായി പരിഗണിക്കുക സാധ്യമല്ല. ഒരു മതത്തിനകത്ത് അത്യന്താപേക്ഷിതവും (essential) അവിഭാജ്യവുമായ (Integral part) പ്രാക്റ്റീസുകള്‍ക്കു മാത്രമേ മേല്‍പ്പറഞ്ഞ അനുച്ഛേദങ്ങളുടെ സംരക്ഷണം ലഭിക്കൂ എന്ന് നിരവധി കോടതി വിധികളെ ഉദ്ധരിച്ച് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വ്യക്തമാക്കി. മാത്രമല്ല മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒരു മതാവകാശവും ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നും എന്‍. ആദിത്യന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ദേവസ്വം ശാന്തിനിയമനങ്ങളില്‍ മലയാള ബ്രാഹ്‌മണര്‍ക്ക് പ്രത്യേക സംവരണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം ആദിത്യന്‍ കേസില്‍ കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നതാണ്, എന്നിട്ടും ശബരിമല മേല്‍ശാന്തി തസ്തിക ഇപ്പോഴും നൂറു ശതമാനം ബ്രാഹ്‌മണ സംവരണമായി തുടരുന്നു.

ദേവസ്വംബോര്‍ഡിലെ ആദ്യ ദളിത് ശാന്തി

തിരുവല്ലയില്‍ ദേവസ്വം തന്ത്രവിദ്യാ പാഠശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ പരമുശര്‍മയാണ് ദേവസ്വം ബോര്‍ഡിനു കീഴില്‍ ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദളിതന്‍. അച്യുതമേനോന്‍ മുഖ്യമന്ത്രിയും പ്രാക്കുളം ഭാസി ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായിരുന്ന കാലത്താണ് ദേവസ്വത്തില്‍ ആദ്യമായി അവര്‍ണ വിഭാഗക്കാര്‍ ശാന്തിക്കാരായി നിയമിതരാകുന്നത്. പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിട്ടാണ് പരമുശര്‍മയ്ക്ക് ആദ്യ നിയമനം ലഭിച്ചത്. അവിടെ അദ്ദേഹത്തിന് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സ്വദേശമായ മുടിയൂര്‍കോണം ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 12 വര്‍ഷം ശാന്തിക്കാരനായി തുടര്‍ന്ന അദ്ദേഹം പിന്നീട് ശ്രീകാര്യം പരീക്ഷയെഴുതി ( ഇപ്പോഴത്തെ സബ് ഗ്രൂപ്പ് ഓഫീസര്‍) ഓഫീസറായി. ആ സ്ഥാനത്തിരുന്നാണ് 1996-ല്‍ അദ്ദേഹം വിരമിച്ചത്.

ആദിത്യന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്ന ശ്രീനാരായണ ധര്‍മപരിപാലന യോഗം (എസ്​.എൻ.ഡി.പി യോഗം) തന്ത്രവിദ്യ അഭ്യസിച്ച അവര്‍ണരെ ശാന്തിക്കാരാകുന്നതില്‍ നിന്നും തടയുന്നത് ആര്‍ട്ടിക്കിള്‍ 17 ന്റെ ലംഘനമാണെന്നും അയിത്താചരണമാണെന്നും വാദിച്ചിരുന്നു. യോഗ്യതയുമുള്ള അവര്‍ണ സമുദായാംഗങ്ങളെ അവര്‍ക്കര്‍ഹതപ്പെട്ട ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്ന ദേവസ്വം അധികാരികള്‍ അയിത്താചരണ നിരോധന നിയമപ്രകാരമുള്ള ശിക്ഷക്ക് അര്‍ഹരാണ്.
ആദിത്യന്‍ കേസില്‍ വിധി പ്രഖ്യാപിച്ച് കേരള ഹൈക്കോടതി നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന ഭരണഘടനയുടെ സത്തയെ വൈകാരികമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഭരണഘടനയുടെ പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന് ഉറപ്പുവരുത്തലാണെന്നും, ജാതി എന്നത് ഭാവിയില്‍ സാമൂഹ്യശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഫോസില്‍ മാത്രമായിത്തീരണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

ഭരണഘടനയുടെ പ്രധാന ആപ്ത ഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയ കാലം തിരിച്ചു വരില്ലെന്ന് ഉറപ്പുവരുത്തലാണെന്ന്​ സൂചിപ്പിക്കുന്ന ഹൈകോടതി വിധിയിലെ ഭാഗം
അബ്രാഹ്‌മണ സമുദായത്തില്‍ ജനിച്ച രാകേഷിന്റെ നിയമനം ഹൈക്കോടതി ശരിവയ്ക്കുകയും ഈ വിധി സമാനമായ എല്ലാ ക്ഷേത്രനിയമനങ്ങള്‍ക്കും ബാധകമാണെന്നു എന്നു തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ 1996 ല്‍ ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും ജസ്റ്റിസുമാരായ എസ്.രാജേന്ദ്രബാബു, ദുരൈ സ്വാമി രാജു എന്നിവരുടെ ബഞ്ച് അപ്പീല്‍ തള്ളികയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണ്ണമായി ശരിവക്കുന്നതായിരുന്നു 2002 ലെ സുപ്രീം കോടതി നടപടി.

വിധിയുടെ അനന്തര ഫലങ്ങള്‍

ദേശീയ- അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു ആദിത്യന്‍ കേസില്‍ സുപ്രീംകോടതി നടത്തിയത്. ദേശീയ മാധ്യമങ്ങളും സാമൂഹ്യശാസ്ത്രജ്ഞരും വിധിയെക്കുറിച്ച് എഴുതി. കേരളത്തിലെ ക്ഷേത്രശാന്തി നിയമനക്കേസുകളെക്കുറിച്ച് പഠിച്ച ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ ജില്‍സ് ടരാബൗട്ട് Filing Religion. State, Hinduism, and Courts of Law എന്ന പുസ്തകത്തിലെ Birth vs Merit: kerala Temple Priests and the Courts എന്ന അധ്യായത്തില്‍ ഡെക്കാണ്‍ ഹെറാള്‍ഡ് നല്‍കിയ വാര്‍ത്തയിലെ പരാമര്‍ശം ഉദ്ധരിച്ച് വളരെ പഴയ ആചാരത്തിനേറ്റ കനത്ത പ്രഹരമായി ആദിത്യന്‍ കേസ് വിധിയെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംവാദങ്ങളൊന്നും തന്നെ ബ്രാഹ്‌മണ്യത്തെയും അതുണ്ടാക്കിയ ജന്മശ്രേഷ്ഠതാ സങ്കല്‍പങ്ങളെയും തകര്‍ക്കാന്‍ പോന്നതായിരുന്നില്ല. നിയമപരവും അക്കാദമികവുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും മുകളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ബ്രാഹ്‌മണ്യം ഇപ്പോഴും നിലയുറപ്പിച്ചു നില്‍ക്കുന്നു എന്നതാണ് സമകാല യാഥാര്‍ത്ഥ്യം.
കോടതിയുടെ 2002 ലെ വിധിയെ തുടര്‍ന്ന് പ്രസ്തുത കോടതി വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സമിതികള്‍ക്കു മുന്‍പിലും സര്‍ക്കാരിനും പിന്നാക്ക സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

വളരെ വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ മാത്രമാണ് ഈ വിഷയത്തില്‍ വ്യക്തമായ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. 29/04/2014 ല്‍ നം.19128/ദേവ.2/2013/ ആര്‍.ഡി ഉത്തരവില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായിരുന്നു ഉത്തരവ്. ഉത്തരവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
‘പൂജാരി ഉള്‍പ്പെടെയള്ള ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ജാതി പരിഗണന പാടില്ലെന്നത് 3/10/2012 -ലെ അപ്പീല്‍ സിവില്‍ നം . 6965/96 കേസ്സില്‍ ബഹു . സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. വിധി പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നു . ടി കേസ്​ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിക്കുന്നതാകയാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ബാധകമാക്കണമെന്ന് നിയമസഭാ മുന്‍പാകെയും അല്ലാതെയും സ്വകാര്യവ്യക്തികളും മറ്റും സര്‍ക്കാരിനോട് വളരെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം നേടുകയും ബഹു. സുപ്രീം കോടതിവിധി എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ബാധകമാണെന്നുള്ള നിയമോപദേശം ലഭിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ ശാന്തി മുതലായ തസ്തികകളിലെ നിയമനം ജാതിപരിഗണന കൂടാതെ എല്ലാ ദേവസ്വ ബോര്‍ഡുകളിലും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട് . ഇക്കാര്യത്തില്‍ അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍മാരെ അറിയിക്കുന്നു’

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് പുറത്തിറങ്ങിയ ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ ദേവസ്വങ്ങള്‍ പിന്നീട് തുടര്‍നടപടി സ്വീകരിക്കുകയുണ്ടായി. അതിനു ശേഷം കേരള ദേവസ്വം റിക്രൂട്ട്‌മെൻറ്​ ബോര്‍ഡ് ബില്ല് 2015, നിയമസഭ പാസാക്കിയിരുന്നു. പുതിയ റിക്രൂട്ട്‌മെൻറ്​ ബോര്‍ഡ് നടത്തിയ എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 62 പേരെ ശാന്തിക്കാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ ആറുപേര്‍ പട്ടിക വിഭാഗത്തില്‍ നിന്നടക്കം 36 പേര്‍ പിന്നാക്കവിഭാഗങ്ങളില്‍ നിന്നായിരുന്നു. ഈ 36 പേരില്‍ 16 പേര്‍ ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിലാണ് നിയമിതരായത് എന്ന വസ്തുത യോഗ്യത സംബന്ധിച്ച എല്ലാ സവര്‍ണ വാദങ്ങളുടേയും മുനയൊടിക്കാന്‍ പര്യാപ്തമാണ്. പിന്നീട് കൊച്ചിന്‍ ദേവസ്വംബോര്‍ഡും ഇതേ മാതൃകയില്‍ നിയമനം നടത്തി. എന്നാല്‍ ശബരിമല മേല്‍ശാന്തി നിയമനത്തില്‍ മാത്രം മലയാള ബ്രാഹ്‌മണന്‍ തന്നെ വേണമെന്ന നിയമവിരുദ്ധമായ നിര്‍ബന്ധം ദേവസ്വം ബോര്‍ഡ് തുടരുകയാണ്.

Leave a Reply

Latest News

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ചുമത്തി നടുറോഡിൽ അപമാനിച്ച എട്ടുവയസ്സുകാരിക്ക് നീതി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സെക്രട്ടേറിയറ്റിനുമുന്നിൽ ഉപവസിച്ചു

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ചുമത്തി നടുറോഡിൽ അപമാനിച്ച എട്ടുവയസ്സുകാരിക്ക് നീതി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സെക്രട്ടേറിയറ്റിനുമുന്നിൽ ഉപവസിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഉപവാസസമരം...

More News