പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

0

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയിൽ നിന്ന് പണം നൽകാതെ ആറ് കാറുകൾ തട്ടിയെടുത്തുവെന്നതാണ് പുതിയ പരാതി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. 86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകളാണ് മോൻസൺ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് വ്യാപാരിയിൽ നിന്ന് കാറുകൾ വാങ്ങിയത്.

എന്നാൽ പിന്നീട് പണം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി വ്യാപാരി രംഗത്ത് വന്നത്. ഇതോടുകൂടി മോൻസണെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. ഇയാൾക്ക് കൊച്ചിയിലും ചേർത്തലയിലുമായി 30ൽ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽപലതും രൂപമാറ്റം വരുത്തിയവയായിരുന്നു.

കേരളത്തിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിൽ വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. മോൻസൺ കൈവശം വെച്ചിരുന്ന വാഹനങ്ങളിൽ പലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. പോക്സോ ഉൾപ്പെടെ നാല് കേസുകളിൽ ഇതുവരെ മോൻസണെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ വ്യാപാരിയെ പറ്റിച്ച കേസിലും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. മറ്റ് കേസുകളിൽ കൂടി ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. മോൻസണ് എതിരായ കേസുകളിൽ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Leave a Reply