അഞ്ജലിയ്ക്കും റോയ്ക്കും ഒപ്പം ഉന്നത ബന്ധങ്ങളും; അറിവുണ്ടായിട്ടും കാണാമറയത്തുള്ള കാലിഫോർണിയക്കാരൻ അച്ചായനെ കുറിച്ച് പറയാതെ അന്വേഷണസംഘം

0

കൊച്ചി: മോഡലുകളുടെ മരണം തുടങ്ങി പോക്‌സോ കേസുവഴി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന നമ്പർ 18 ഹോട്ടലിന്റെ കഥയിൽ കഥാപാത്രങ്ങളുടെ എണ്ണം പിന്നെയും കൂടുകയാണ്. റോയ് വയലാട്ടിനും അഞ്ജലിക്കുമൊക്കെ പിന്നിൽ മറ്റൊരാൾ കൂടിയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ‘പൊലീസ് ചോദിച്ചാൽ ധൈര്യമായി ഫോൺ കൊടുത്തോ, അവർ അന്വേഷണം നിർത്തിക്കോളും’ എന്ന് അഞ്ജലിയോട് പറഞ്ഞ ഒരു വ്യക്തി. അന്വേഷണ സംഘത്തിന് ഉൾപ്പെടെ അറിവുണ്ടെങ്കിലും ഒരിടത്തും വലിയരീതിയിൽ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഈ വ്യക്തി ‘കലിഫോർണിയക്കാരൻ അച്ചായൻ’ എന്നാണ് അടുത്ത വൃത്തങ്ങൾ അറിയപ്പെടുന്നത്.

റോയ്‌യുടെ കൂട്ടുപ്രതികളായ സൈജു തങ്കച്ചൻ, അഞ്ജലി റിമദേവ് ഉൾപ്പടെയുള്ളവരെ കാണാമറയത്തിരുന്നു നിയന്ത്രിക്കുന്നത് ഇയാളാണെന്നാണ് വെളിപ്പെടുത്തൽ. ഈ പേര് ഉപയോഗിച്ചു അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നു പോക്സോ കേസിൽ അഞ്ജലിക്കെതിരെ പരാതി നൽകിയ യുവതിയാണ് വെളിപ്പെടുത്തുന്നത്.

അത്യുന്നതങ്ങളിൽ ബന്ധമുള്ള, അതിസമ്പന്നനായ ആളാണ് ഈ ‘കലിഫോർണിയക്കാരൻ അച്ചായൻ’ എന്നാണ് വിവരം. കേരളത്തിലെ പല സിനിമാക്കാരുമായി ബന്ധമുള്ളയാൾ. ‘‘ഇയാളെക്കുറിച്ചു പറഞ്ഞ വിവരങ്ങൾ മൊഴിയിൽ നിന്ന് പൊലീസ് പോലും ഒഴിവാക്കിയിരിക്കുകയാണ്. ‘അവരൊക്കെ വലിയ വലിയ ആളുകളാണ്, തന്റെ കുടുംബം തകരും’ എന്ന നിലയിലാണ് അന്നു പറയുമ്പോൾ പൊലീസ് സംസാരിച്ചത്. അഞ്ജലിയും സൈജുവും പോലും ഈ അച്ചായനെ പേടിച്ചാണ് നിൽക്കുന്നത് എന്നാണ് മനസിലായിട്ടുള്ളത്.’’ – പോക്സോ കേസിൽ പരാതി നൽകിയ യുവതി പറഞ്ഞു.

‘‘കോഴിക്കോടു നിന്നു കൊച്ചിയിലേയ്ക്കു വരുമ്പോൾ ഇടവിട്ട് ഇയാൾ അഞ്ജലിയെ വിളിക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിർദേശത്തിലാണ് സൈജുവും അഞ്ജലിയും എല്ലാം ചെയ്തിരുന്നത് എന്നാണ് ഫോൺ വിളികളിൽ നിന്നു മനസിലായിട്ടുള്ളത്. അന്നു കൊച്ചിയിൽ മടങ്ങുമ്പോൾ നിന്നു കോഴിക്കോട്ടേയ്ക്ക് എത്തുന്നതു വരെ ഇയാൾ അവരുമായി വിഡിയോ കോളിൽ സംസാരിക്കുന്നുണ്ടായിരുന്നു. നിറയെ അശ്ലീലം നിറഞ്ഞ സംഭാഷണം. അതു മുഴുവൻ കാറിലിരുന്നു കേട്ടു. അഞ്ജലിയാകട്ടെ അർധ ബോധാവസ്ഥയിലാണ് സംസാരിച്ചിരുന്നത്.

കോഴിക്കോട്ടെ ഓഫിസിലെ പെൺകുട്ടികൾക്ക് ഇടയ്ക്ക് അച്ചായൻ സമ്മാനം അയയ്ക്കുമായിരുന്നു എന്നറിയാം. ഒരിക്കൽ ഓഫിസിലെ കുട്ടിയുടെ നമ്പർ ചോദിച്ചിട്ട് അഞ്ജലി നൽകാതിരുന്നതിന് ഇരുവരും ഉറക്കെ ഷൗട്ട് ചെയ്യുന്നതും കേട്ടിട്ടുണ്ട്. അഞ്ജലി ആവശ്യപ്പെട്ട ഉടൻ ഐഫോണും എത്തിച്ചു കൊടുത്തു. മറ്റൊരാൾ വഴിയാണ് സമ്മാനങ്ങൾ എത്തിച്ചു നൽകിയിരുന്നത്.

ഉയർന്ന ഉദ്യോഗസ്ഥനുമായി ഇയാൾക്കു ബന്ധം ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. മോഡലുകളുടെ മരണം ഒതുക്കിയത് ഇയാളാണെന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. റോയ് വയലാറ്റിന്റെ ഹോട്ടലിലെ സംഭവം ഉണ്ടാകുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി ഉയർന്ന ഉദ്യോഗസ്ഥന്റെ മകളാണ് എന്നു പിന്നീടു മനസിലായി. തന്റെ വിഡിയോയിൽ ഈ പെൺകുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ ഫോൺ പൊലീസ് കസ്റ്റഡിയിലായതിനാൽ വിഡിയോയും പൊലീസിന്റെ പക്കലാണ് ഉള്ളത്. പബ്ലിക് പ്രോസിക്യൂട്ടറിലും കേസ് അന്വേഷിക്കുന്ന അനന്തലാൽ സാറിലും വിശ്വാസമുണ്ട്.

പലപ്പോഴും ബ്ലാക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്താനും അഞ്ജലി ഉപയോഗിച്ച പേരാണ് ഈ അച്ചായന്റേത്. തട്ടിക്കളയുമെന്നാണ് ഒരു മെസേജിൽ പറഞ്ഞത്. നീ നിശബ്ദയായിരിക്കുന്നതാണ് നിനക്കു നല്ലത്. മകളുടെ ജീവൻ വച്ച് നീ എന്തിനാണ് മറ്റുള്ളവർക്കു വേണ്ടി കളിക്കുന്നത്, നിനക്കു മിണ്ടാതിരുന്നാൽ പോരേ?. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്നെല്ലാം അവർ ഇംഗ്ലിഷിൽ സന്ദേശം അയച്ചിരുന്നു.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരിക്കൽ അഞ്ജലിയെ അന്വേഷണ ഉദ്യോഗസ്ഥർ കൊച്ചിയിലേയ്ക്കു വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് ഫോൺ ആവശ്യപ്പെട്ടാൽ കൊടുത്തുകൊള്ളാൻ അച്ചായൻ പറഞ്ഞത്. മോഡലുകളുടെ മരണത്തിനു പിന്നാലെ ഷൈജു തങ്കച്ചനെ ഫ്ലാറ്റിൽ താമസിപ്പിക്കണം എന്ന് അച്ചായൻ അഞ്ജലിയോടു പറയുമ്പോൾ ഞാൻ അടുത്തുണ്ട്. അഞ്ജലിയുടെ മൊബൈൽ ഫോൺ പരിശോധിച്ചാൽ ഇവർക്കിടയിലുള്ള ബന്ധത്തെക്കുറിച്ചു തെളിവു ലഭിക്കും.’’ – പരാതിക്കാരി പറയുന്നു.

Leave a Reply