തിരുവനന്തപുരം ∙ പാലക്കാട് ചെർപ്പുളശ്ശേരി ഗവ. എച്ച്എസ് എസിലെ താൽക്കാലിക അധ്യാപകജോലി നഷ്ടപ്പെട്ടതിനെ തുടർന്നു ജീവിതം പ്രതിസന്ധിയിലായ ട്രാൻസ്വനിത അനീറ കബീർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയെ സന്ദർശിച്ചു നിവേദനം നൽകി. ട്രാൻസ്വനിതയായി ജീവിക്കാനാവാത്തതിനാൽ ദയാവധത്തിനു നിയമസഹായം തേടി ലീഗൽ സർവീസ് അതോറിറ്റിക്ക് അപേക്ഷ നൽകിയ അനീറയെ കഴിഞ്ഞ ദിവസം മന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. വിശദമായ നിവേദനം നൽകാൻ മന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനീറ കാണാനെത്തിയത്.
ജോലി നഷ്ടമായത് ഉൾപ്പെടെ കാര്യങ്ങൾ അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ മൂന്നാഴ്ച മുൻപ് അപകടത്തിൽ മരിച്ചതിനാൽ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടിവന്നതും വിശദമാക്കി.
വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയിൽ തുടരാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും അദ്ദേഹം വ്യക്തമാക്കി.