അറബിക്കടലിലെ ഒഎൻജിസിയുടെ ഓയിൽ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ കടലിൽ വീണു

0

മുംബൈ: അറബിക്കടലിലെ ഒഎൻജിസിയുടെ ഓയിൽ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ കടലിൽ വീണു. രണ്ടു പൈലറ്റുമാർ അടക്കം ഒൻപതുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിനോടകം ഇതിൽ ആറുപേരെ രക്ഷപ്പെടുത്തിയതായി ഒഎൻജിസി അറിയിച്ചു. വെള്ളത്തിൽ വീണ മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് സംഭവം. ഒഎൻജിസിയുടെ ഓയിൽ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ വീണത്. റിഗ്ഗിലെ ലാൻഡിങ് മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്.

ഹെലികോപ്റ്ററിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാൻഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഹെലികോപ്റ്ററിൽ ആറ് ഒഎൻജിസി ജീവനക്കാരും ഒഎൻജിസിക്ക് വേണ്ടി കോൺട്രാക്ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഓയിൽ റിഗ്ഗിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാദൗത്യം.

LEAVE A REPLY

Please enter your comment!
Please enter your name here