Thursday, July 29, 2021

നഗ്നനാക്കി മകനും മരുമകളും മർദിച്ച വയോധികൻ നീതിതേടി കുത്തിയിരിപ്പുസമരം നടത്തി

Must Read

പത്തനംതിട്ട: നഗ്നനാക്കി മകനും മരുമകളും മർദിച്ച വയോധികൻ നീതിതേടി കുത്തിയിരിപ്പുസമരം നടത്തി. കള്ളക്കേസിൽനിന്ന് ഒഴിവാക്കണമെന്നും മരുമകളുടെ മർദനത്തിൽനിന്ന്് മോചനം നൽകണമെന്നും ആവശ്യപ്പെട്ട് വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദാണ്‌(71) തിങ്കളാഴ്ച രാവിലെ കളക്ടറേറ്റ് പടിക്കൽ കുത്തിയിരുന്നത്.

തന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തു മകനും മരുമകളും വ്യാജരേഖകൾ ചമച്ച് കൈക്കലാക്കിയതായാണ് റഷീദിന്റെ പരാതി. ഏറെനാളായി ഇതുസംബന്ധിച്ച് തർക്കങ്ങളുണ്ട്. അടൂർ ആർ.ഡി.ഒ. പ്രശ്നത്തിൽ തീർപ്പുണ്ടാക്കി റഷീദിനെ വീട്ടിൽ താമസിപ്പിച്ചിരുന്നു. പിന്നീടും വഴക്ക് തുടർന്നു. റഷീദിനെ അനാഥാലയത്തിലേക്ക് മാറ്റാൻ മകനും മരുമകളും ശ്രമിച്ചതായും പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞമാസം ഇരുവരും ബന്ധുവും ചേർന്ന് റഷീദിനെ നഗ്നനാക്കി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദിച്ച മൂന്നുപേരേയും പോലീസ് അറസ്റ്റും ചെയ്തിരുന്നു. തുടർന്ന് റഷീദിന് അയൽവാസികളാണ് ഭക്ഷണം നൽകുന്നത്.

കഴിഞ്ഞദിവസം മരുമകൾ കൊടുത്ത പരാതിയിൽ പോലീസ് റഷീദിനെതിരേയും കേസെടുത്തു. ഇത് കള്ളപ്പരാതിയാണെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പോലീസിന് ലഭിച്ച വിവരവും ഇതുതന്നെയാണെന്നറിയുന്നു.

ടി.കെ.റോഡിൽ കളക്ടറേറ്റിനുമുന്നിലിരുന്ന റഷീദിനെ ഉച്ചയോടെ പോലീസെത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്തദിവസംതന്നെ പ്രശ്നം കളക്ടറുടെ ശ്രദ്ധയിലെത്തിക്കുമെന്നും പരിഹാരമുണ്ടാക്കാമെന്നും പേലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. കാപ്പിയും ആഹാരവും വാങ്ങിനൽകിയാണ് പത്തനംതിട്ട പോലീസ് റഷീദിനെ വീട്ടിൽക്കൊണ്ടുവിട്ടത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News