മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചു

0

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ്‌ മീഡിയാ വണ്‍ അപ്പീല്‍ സമര്‍പ്പിച്ചത്‌.
മാധ്യമം ബ്രോഡ്‌കാസ്‌റ്റിങ്‌ ലിമിറ്റഡ്‌, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ്‌ രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സംയുക്‌തമായാണ്‌ അപ്പീല്‍ നല്‍കിയത്‌. ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച്‌ ഇന്ന്‌ അപ്പീല്‍ പരിഗണിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത്‌ ദവെ മീഡിയ വണ്ണിനുവേണ്ടി ഹാജരാവും.
ചാനലിനു തങ്ങളുടെ ഭാഗം പറയാനുള്ള അവസരം നിഷേധിച്ചാണ്‌ സംപ്രേഷണം തടഞ്ഞതെന്നു അപ്പീലില്‍ പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുണ്ടെന്നു വിലയിരുത്തിയാണ്‌ സിംഗിള്‍ ബെഞ്ച്‌ മീഡിയാ വണ്‍ നല്‍കിയ ഹര്‍ജി തള്ളിയത്‌.
രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കേന്ദ്രം പറയുന്ന കാരണങ്ങള്‍ വസ്‌തുതാവിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു. ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്‌ഥാനത്തില്‍ ചാനലിന്റെ പക്ഷം കേള്‍ക്കാതെ ലൈസന്‍സ്‌ റദ്ദാക്കിയത്‌ ഭരണഘടനാവിരുദ്ധമാണെന്നും മീഡിയ വണ്‍ ചൂണ്ടിക്കാണിച്ചു. ജനുവരി 31 നായിരുന്നു മീഡിയ വണ്‍ ചാനലിന്റെ ബ്രോഡ്‌ കാസ്‌റ്റിങ്‌ വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ്‌ വന്നത്‌. പിന്നാലെയാണ്‌ ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

Leave a Reply