മിഥുൻ പുല്ലുവഴി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണക്കടത്ത് കേസിൽ കുടുക്കാൻ ശ്രമിച്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ. സ്ത്രീ വിഷയങ്ങളിലടക്കം ആരോപണങ്ങൾ ഉയർന്നിട്ടും രാധാകൃഷ്ണൻ്റെ ഉറ്റ സുഹൃത്തായ കേന്ദ്രമന്ത്രി ഇയാളെ രക്ഷിച്ചെന്നാണ് ആക്ഷേപം.
കേന്ദ്ര സർക്കാരിൻ്റെ ഉറ്റ തോഴനാണ് രാധാകൃഷ്ണൻ. കേന്ദ്ര സർക്കാരും ഇയാളും ഒത്തുകളിച്ചാണ് മുഖ്യമന്ത്രിയെ കേസിൽ അകപ്പെടുത്താൻ ശ്രമം നടന്നതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ ക്വട്ടേഷനായിരുന്നു സ്വർണക്കടത്തിൽ മുഖ്യമന്ത്രിയെ പെടുത്താൻ ഇ.ഡി നടത്തിയ ശ്രമമെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നിർബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണൻ. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയൻ നൽകിയ നിർണായക മൊഴിയിലാണ് രാധാകൃഷ്ണൻ്റെ പേരുള്ളത്.
നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇയാളെ സംരക്ഷിക്കുന്നത് ഒരു കേന്ദ്രമന്ത്രിയാണ്. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കേന്ദ്ര മന്ത്രിയുടെ കേസുകൾ തേച്ചുമാച്ചുകളഞ്ഞതും രാധാകൃഷ്ണനാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

എൻഫോഴ്സ്മെൻ്റ് വകുപ്പിലെ കീഴുദ്യോഗസ്ഥൻ മുതൽ തലപ്പത്ത് ഇരിക്കുന്നവർ പോലും എവിടെ ഇരിക്കണമെന്ന് തീരുമാനം എടുക്കാൻ പോന്ന ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണൻ. ഇയാൾക്കെതിരെ സ്ത്രീ വിഷയത്തിലടക്കം ആരോപണങ്ങൾ ഉയർന്നിരുന്നു. കീഴുദ്യോഗസ്ഥയോടുള്ള അടുത്ത സമീപനമാണ് ആക്ഷേപത്തിന് ആധാരം. കൊച്ചി ഓഫീസിലെ മൂന്നാം നില ഇവരുടെ വിഹാര കേന്ദ്രമായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് പരാതി നൽകാൻ ആരും ധൈര്യപ്പെട്ടില്ലെന്നും. പ്രതികരിച്ചവരെ വകുപ്പിൽ നിന്നും പുറത്താക്കി എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.
പലപ്പോഴും ദുരൂഹ സാഹചര്യത്തിൽ രാധാകൃഷ്ണനേയും സഹപ്രവർത്തകയേയും കണ്ടവരുണ്ട്. എന്നാൽ പുറത്തു പറയാൻ ആരും ധൈര്യപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. ഇതു സംബന്ധിച്ച് മീഡിയ മലയാളത്തിന് വിവരം നൽകിയവർക്ക് ജീവനും സ്വത്തിനും വരെ ഭീഷണി നേരിട്ടേക്കാമെന്നാണ് വെളിപ്പെടുത്തൽ.
നാളെ: ( സ്വർണക്കടത്ത് കേസിൽ സ്വപ്നക്ക് ഇളവുകൾ നൽകി മുഖ്യമന്ത്രിയെ കുടുക്കാൻ നീക്കം )