Sunday, November 28, 2021

സംസ്ഥാനത്തെ കുട്ടികളെല്ലാം നീണ്ട ഇടവേള കഴിഞ്ഞ് വീണ്ടും സ്കൂളുകളിൽ തിരിച്ചെത്തിയപ്പോൾ പണിത് പണിത് ഒരു സ്കൂൾ പണിതുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗൺ ആയി മാറിയ കഥയാണ് കോഴിക്കോട് കാരപറമ്പിലെ ഗവ.എൽ.പി സ്കൂളിന് പറയാനുള്ളത്

Must Read

സംസ്ഥാനത്തെ കുട്ടികളെല്ലാം നീണ്ട ഇടവേള കഴിഞ്ഞ് വീണ്ടും സ്കൂളുകളിൽ തിരിച്ചെത്തിയപ്പോൾ പണിത് പണിത് ഒരു സ്കൂൾ പണിതുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗൺ ആയി മാറിയ കഥയാണ് കോഴിക്കോട് കാരപറമ്പിലെ ഗവ.എൽ.പി സ്കൂളിന് പറയാനുള്ളത്. ഇന്ന് പ്രവേശനോത്സവമായിരുന്നുവെങ്കിലും കെട്ടിടം പണി തീരാത്ത് കൊണ്ട് ഇവിടെ മാത്രം കുട്ടികൾ എത്തിയില്ല. 2018 മേയ് എട്ടിന് നിർമാണമാരംഭിച്ച് എട്ടുമാസംകൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, 2021 ഒക്ടോബർ പിന്നിട്ടിട്ടും ഫണ്ടില്ലെന്ന കാരണത്താൽ തുടർനിർമാണം മുടങ്ങിക്കിടക്കുകയാണ്.

പണിതീർന്ന ക്ലാസ് മുറിയാകട്ടെ, കെട്ടിടനിർമാണത്തിന് ചുമതലപ്പെട്ട സ്ഥാപനത്തിന്റെ സൈറ്റ് ഓഫീസും തൊഴിലാളികളുടെ താമസസ്ഥലവും ഗോഡൗണുമൊക്കെയായി തുടരുകയാണെന്ന് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് പറഞ്ഞു. മൂന്നുവർഷമായിട്ടും സ്കൂൾവളപ്പ് സ്കൂളിന്റെ പ്രവർത്തനത്തിന് സജ്ജമാക്കിയിട്ടില്ല. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോട കുട്ടികളെ കാരപറമ്പ് ഹൈസ്കൂളിലേക്ക് മാറ്റിയെന്നാണ് അറിയുന്നതെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി. സ്കൂൾ പണി പൂർത്തിയാക്കുന്നതിന് പകരം ഇവിടെ കെട്ടിടനിർമാണത്തൊഴിലാളികളുടെയും ഈ സ്ഥാപനത്തിന്റെയും വാഹനങ്ങൾ സൂക്ഷിക്കാനും മറ്റു നിർമാണസ്ഥലങ്ങളിലേക്കുള്ള അസംസ്കൃതവസ്തുക്കളും പണിയായുധങ്ങളും എത്തിക്കാനുമുള്ള സ്ഥലമാക്കിമാറ്റിയിരിക്കുകയാണ്. ഗ്യാസ് സിലിൻഡറുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ഒരുവിധത്തിലും സുരക്ഷിതമല്ലാത്തരീതിയിലാണ് നിലവിൽ സ്കൂൾമൈതാനവും ക്ലാസ്മുറികളുമുള്ളത്. ഏതുസമയത്തും ഇടതടവില്ലാതെ വാഹനങ്ങൾപോകുന്ന പ്രധാന ബൈപ്പാസ് റോഡും ഈ സ്കൂളിന്റെ പ്രവേശനകവാടത്തിന് മുന്നിലുണ്ട്. സുരക്ഷിതമായ മതിലും കവാടവുമില്ല. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല.

നാല് ക്ലാസ്മുറികളും ഒരു മൾട്ടിമീഡിയ ക്ലാസ്മുറിയും പ്രധാനാധ്യാപകനുള്ള ഓഫീസ് മുറിയും മറ്റ് അധ്യാപകർക്കുള്ള മുറിയും ഉൾപ്പെടെ ഏഴുമുറികളുള്ള കെട്ടിടം പണിയാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, ഇപ്പോൾ പണി തീർന്നത് മൂന്നുമുറികൾ മാത്രമാണ്. അധ്യാപകർക്കുള്ള മുറി, മൾട്ടിമീഡിയ ക്ലാസ് മുറി, ഒരു സാധാരണ ക്ലാസ് മുറി എന്നിവയാണ് പൂർത്തിയായത്. ഇതാണ് കമ്പനിയുടെ ഓഫീസാക്കി മാറ്റിയത്.

പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ വാതിലുകളോ നിലവിലില്ല. കെട്ടിടത്തിന്റെ ഒരുമുറി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ തുറന്ന് സ്കൂൾഫർണിച്ചറും ഭക്ഷണനിർമാണത്തിനുള്ള പാത്രങ്ങളും കസേരകളും സൂക്ഷിച്ചിട്ടുണ്ട്. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങളിലായി 60 കുട്ടികളും ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 45 കുട്ടികളുമാണ് ഇവിടെ പഠിക്കാനുള്ളത്.

കോർപ്പറേഷൻ വിഹിതം, സ്ഥലം എം.എൽ.എ.യുടെയും വിദ്യാഭ്യാസവകുപ്പിന്റെയും ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിന്റെ നിർമാണപ്രവർത്തനം നടത്തുന്നതെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പറഞ്ഞു. സ്കൂൾ കോഡ് മാറിപ്പോയത് കൊണ്ട് കിഫ്ബി ഫണ്ട് കിട്ടിയില്ലെന്നാണ് എൽ.എൽ.എ പറയുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇന്ന് എല്ലായിടത്തും സ്കൂൾ തറുന്നുവെങ്കിലും കാരപറമ്പ് എൽ.പി.യിൽ സ്കൂൾ തുറക്കാത്തതോടെ ബിജെപി പ്രതിഷേധവുമായി എത്തി. സ്കൂൾ തുറക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.

കെട്ടിടനിർമാണത്തിന് ഇതുവരെയായി പൊതുമരാമത്തുവകുപ്പ് 39,02,657 ലക്ഷം രൂപയും കോർപ്പറേഷൻ 49,63,393 രൂപയും ചെലവഴിച്ചു. മൊത്തം 88,66,050 രൂപ ചെലവഴിച്ചിട്ടും കെട്ടിടംപണി പൂർത്തിയാകാതെ കിടക്കുകയാണ്. ബാത്ത് റൂം നിർമാണവും പ്ലംബിങ്ങുമായി ബന്ധപ്പെട്ട് ആറുലക്ഷം രൂപകൂടി വീണ്ടും കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News