Tuesday, July 27, 2021

ആനകൾ തടിപിടിക്കാറുള്ള സ്ഥലത്തായിരുന്നു വീടെന്ന മങ്ങിയ ഓർമമാത്രമാണ് അവൾക്കുണ്ടായിരുന്നത്; ആറാം വയസിൽ നഷ്ടപെട്ട അമ്മയേയും സഹോദരങ്ങളേയും തേടിപ്പിടിച്ച് 23 കാരി

Must Read

വണ്ടൂർ: അമ്മയെക്കുറിച്ചുള്ള മങ്ങിയ ‌ഓർമകളിൽനിന്ന് പ്രിയയ്ക്ക് മോചനം. വർഷങ്ങൾനീണ്ട അന്വേഷണത്തിനൊടുവിൽ, അവൾ അമ്മയെ തേടിപ്പിടിച്ചു. സഹോദരങ്ങളെ കൺകുളിർക്കെ കണ്ടു. ഇനി അവളുടെ ജീവിതത്തിൽ വെളിച്ചമായെന്നും അമ്മ തെളിഞ്ഞുനിൽക്കും.

തൃശ്ശൂർ സംസ്കൃതകോളേജിൽ രണ്ടാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ് പ്രിയ എന്ന 23-കാരി. ആറാംവയസ്സിലാണ് അവൾ അമ്മയെ അവസാനമായി കണ്ടത്. അമ്മ ശാന്തയ്ക്കും അച്ഛൻ സുരേഷിനുമൊപ്പം വയനാട് പനമരത്തായിരുന്നു പ്രിയ താമസിച്ചിരുന്നത്. ആരോടും പറയാതെ സുരേഷ് അവിടെനിന്ന് ഒരുദിവസം അവളെ നിലമ്പൂർ സ്നേഹാലയത്തിലെത്തിച്ചു. നിലമ്പൂർ ചെട്ടിയങ്ങാടി യു.പി. സ്കൂളിൽ അഞ്ചാംതരംവരെ പഠിച്ചു. പിന്നീട് അച്ഛൻതന്നെ പുന്നപ്പാല ബാലികാ സദനത്തിലേക്ക് മാറ്റി. തുടർന്നുള്ള പഠനം വണ്ടൂർ വി.എം.സി. സ്കൂളിൽ. ഇതിനുശേഷം പിതാവ് സുരേഷിനെ പ്രിയ കണ്ടിട്ടില്ല.

തന്റെ വീടിനെയോ നാടിനേയോ കുടുംബങ്ങളേയോ കുറിച്ച് പ്രിയക്കും ധാരണയുണ്ടായിരുന്നില്ല. ആനകൾ തടിപിടിക്കാറുള്ള സ്ഥലത്തായിരുന്നു വീടെന്ന മങ്ങിയ ഓർമമാത്രമാണ് അവൾക്കുണ്ടായിരുന്നത്. ഒറ്റപ്പെടലിന്റെ വേദന മറികടക്കാൻ പഠനെത്തയും പുസ്തകങ്ങളെയും കൂട്ടുപിടിച്ചു. മികച്ച മാർക്കോടെ ബിരുദംനേടി.

സ്വന്തമായി ജോലിവേണമെന്ന ആഗ്രഹമാണ് അവളെ അമ്മയുടെ അടുക്കലെത്തിച്ചത്. ജോലി അന്വേഷിച്ചുപോകുന്നതിനായി വണ്ടൂർ ബസ്‌ സ്റ്റാൻഡിലെത്തിയതാണ് വഴിത്തിരിവായത്. സ്റ്റാൻഡിൽവെച്ച് അവൾ മുൻപഞ്ചായത്തംഗവും സി.പി.എം. നേതാവുമായ രജനി കോട്ടപ്പുറത്തെ കണ്ടുമുട്ടി. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു അത്. അവിടെവെച്ച് രജനിയോട് പ്രിയ ജീവിതകഥ പറഞ്ഞു. പ്രിയയെ രജനി സ്വന്തം വീട്ടിലേക്കു കൂട്ടി.

മകളായ ദേവികയെപ്പോലെ തന്നെ രജനിയും ഭർത്താവ് ഗിരീഷും പ്രിയയെ സ്‌നേഹിച്ചു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ സഹായത്തോടെ പനമരത്തെ കോളനികളിൽ അന്വേഷണം നടത്തി. ഒടുവിൽ പനമരം പുലയൻമൂലയിലെ അമ്മാനി നീർവാരത്തുള്ള ശാന്തയാണ് പ്രിയയുടെ അമ്മയെന്നു കണ്ടെത്തി. അവിടെപ്പോയി പ്രിയ അമ്മയെയും സഹോദരങ്ങളായ അനിലിനെയും സുനിലിനെയും കണ്ടു.

ഇനി അവൾക്കു മുന്നിലുള്ളത് ജോലിയെന്ന സ്വപ്‌നമാണ്. സർട്ടിഫിക്കറ്റിലെ പിഴവ് അവൾക്കുമുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നുണ്ട്. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ പ്രിയ കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട കുട്ടിയെന്നുണ്ട്. എന്നാൽ ഇതിനുവേണ്ട സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽനിന്ന് നൽകുന്നില്ല. ഇതാണ് ജോലിക്ക് തടസ്സം. എങ്കിലും പ്രിയക്കുറപ്പുണ്ട് -‘ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് പ്രതീക്ഷിച്ച അമ്മയെക്കിട്ടി, ഇനി ജോലിയും കിട്ടും’.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News