Tuesday, July 27, 2021

സംഘത്തലവൻ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി;ഗുണ്ടുമലയിലെ പെൺകുട്ടിയുടെ ദുരൂഹമരണം അന്വേഷിക്കുന്നതിന് ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച പ്രത്യേകസംഘത്തിൽ സമഗ്രമാറ്റം

Must Read

മൂന്നാർ: ഗുണ്ടുമലയിലെ പെൺകുട്ടിയുടെ ദുരൂഹമരണം അന്വേഷിക്കുന്നതിന് ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച പ്രത്യേകസംഘത്തിൽ സമഗ്രമാറ്റം. സംഘത്തലവൻ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി. അന്വേഷണസംഘത്തിൽ 12 പേരെ ഉൾപ്പെടുത്തി.

രണ്ടുവർഷം മുമ്പാണ് എട്ടുവയസ്സുകാരിയെ ഗുണ്ടുമല എസ്റ്റേറ്റിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഉടുമ്പൻചോല സി.ഐ., രാജാക്കാട് എസ്.ഐ., ക്രൈംബ്രാഞ്ച്, നർക്കോട്ടിക് സെൽ, സൈബർ സെൽ എസ്.ഐ.മാർ, സയന്റിഫിക് ഉദ്യോഗസ്ഥ, വനിതാ പോലീസ് ഉൾപ്പെടെയുള്ളവരെയാണ് പുതുതായി ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി നിയമിച്ചിരിക്കുന്നത്.

മൂന്നാർ ഇക്കാനഗറിലെ പോലീസ് ക്യാമ്പിന് സമീപമുള്ള പോലീസ് സേഫ് ഹൗസാണ് അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ്. പുതുതായി നിയമിതരായവർ ചൊവ്വാഴ്ച യോഗം ചേർന്ന് കേസ് അവലോകനം ചെയ്തു.

അടുത്തദിവസം ഗുണ്ടുമലയിൽ പരിശോധന നടത്തുമെന്ന് സംഘത്തലവൻ എ.ജി.ലാൽ പറഞ്ഞു. മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കേസ് ഡയറി വിശദമായി പരിശോധിക്കും.ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ഏഴംഗസംഘത്തിൽ മൂന്നാർ, ദേവികുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇവരെയാണ് മാറ്റിയത്.2019 സെപ്റ്റംബർ ഒൻപതിനാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുക്കിട്ടിരുന്ന വള്ളിപൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശിമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കൊലപാതകമെന്ന സംശയമുയർന്നത്.

എസ്റ്റേറ്റിലെ അൻപതുപേരെ ചോദ്യം ചെയ്തു. കുട്ടിയുടെ അമ്മയെയും അച്ഛനെയും രണ്ട് ബന്ധുക്കളെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. ഒരു സൂചനയും ലഭിച്ചില്ല. കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തിയാലേ കേസിൽ വ്യക്തതവരൂ. കുട്ടി ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും വീട്ടിലില്ലായിരുന്നെന്ന് പോലീസ് പറയുന്നു.

ഈ കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നശേഷം കെട്ടിത്തൂക്കിയ സംഭവം ഉണ്ടായത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News