ഞങ്ങൾ 36 പേരും മഹാലക്ഷ്മി ദേവിയുടെ കാൽക്കൽ… ഞങ്ങൾക്ക് ടിക്കറ്റ് തന്ന കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു; കൂറുമാറില്ല, ഇത് സത്യം! ഗോവയില്‍ സ്ഥാനാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്

0

2017-ലെ നിയമഭാ തിരഞ്ഞെടുപ്പിൽ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല. ബിജെപിയുടെ കൂറുമാറ്റ തന്ത്രത്തിന് മുന്നിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ മറുകണ്ടം ചാടുകയുണ്ടായി.17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് അഞ്ച് വർഷം പിന്നിട്ടപ്പോൾ രണ്ട് പേർ മാത്രമായി അവശേഷിച്ചു.

കൂറുമാറ്റം ആവർത്തിക്കാതിരിക്കാൻ ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പേ സന്നദ്ധമായിരിക്കുകയാണ് കോൺഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച് 36 സ്ഥാനാർഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാൽ പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്ന് പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. ഫെബ്രുവരി 14-നാണ് ഗോവയിൽ തിരഞ്ഞെടുപ്പ്.

കോൺഗ്രസിന് വോട്ട് ചെയ്താലും അവർ ബിജെപിയിലേക്ക് പോകുമെന്ന് സംസ്ഥാനത്ത് വ്യാപക പ്രചാരണം നടന്നതോടെയാണ് കോൺഗ്രസിന് സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കേണ്ടി വന്നത്.

ശനിയാഴ്ച കോൺഗ്രസിന്റെ 36 സ്ഥാനാർത്ഥികൾ ക്ഷേത്രത്തിലും ക്രിസ്ത്യൻ പള്ളിയിലും മുസ്ലീം പള്ളിയിലും തങ്ങളുടെ പാർട്ടിയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തു.

പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു.’ഞങ്ങൾ 36 പേരും മഹാലക്ഷ്മി ദേവിയുടെ കാൽക്കൽ… ഞങ്ങൾക്ക് ടിക്കറ്റ് തന്ന കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ ഏത് സാഹചര്യത്തിലും പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു’ ക്ഷേത്രത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ സത്യവാചകം മുഴങ്ങി.

ബാംബോലിം ക്രോസിൽ വെച്ച് അവിടുത്തെ പുരോഹിതൻ അവർക്ക് സമാനമായ ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട്, സ്ഥാനാർഥി പട്ടികയിലെ 34 പുരുഷൻമാർ ബെറ്റിമിലെ ഒരു മുസ്ലിം പള്ളിയിലെത്തി.

ബെറ്റിമിലെ ഒരു മുസ്ലിം പള്ളിയിലെത്തി. അവിടെ നിന്നും പ്രതിജ്ഞയെടുത്തു.

‘ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ഗൗരവമുള്ളവരാണ്, ഞങ്ങളുടെ എംഎൽഎമാരെ വേട്ടയാടാൻ ഒരു പാർട്ടിയെയും അനുവദിക്കില്ല. ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് ഞങ്ങൾ. സർവ്വശക്തനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. അതിനാൽ, ഇന്ന് ഞങ്ങൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു’ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബർ കാമത്ത് പറഞ്ഞു.

ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ തുടങ്ങിയവർ പ്രതിജ്ഞയെടുക്കാൻ സ്ഥാനാർഥികളെ അനുഗമിച്ചു.

60 ശതമാനം എംഎൽഎമാരും കൂറുമാറി

അഞ്ചു വർഷത്തിനിടെ 40 അംഗ ഗോവ നിയമസഭയിലെ 60 ശതമാനം എംഎൽഎമാരും മറുകണ്ടം ചാടിയതാണ് ചരിത്രം. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ഇത്തരമൊരു കൂറുമാറ്റം.

2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 40-ൽ 24 എംഎൽഎമാർ കൂറുമാറുകയുണ്ടായി. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രാജിവെച്ച കോൺഗ്രസ് എംഎൽഎമാരായ വിശ്വജിത്ത് റാണെ, സുഭാഷ് ഷിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവരെ 24 അംഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർ പിന്നീട് ബിജെപിയിൽ ചേർന്ന് വീണ്ടും മത്സരിച്ച് ജയിച്ച് എംഎൽഎമാരായി.

2019-ൽ പത്ത് കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലെത്തി. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രകാന്ത് കവേൽകർ ഉൾപ്പടെയാണ് മറുകണ്ടം ചാടിയത്. 2019-ൽ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ അന്തരിച്ചതിനെ തുടർന്ന് പനജയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് അറ്റനാസിയോ മോൺസെറേറ്റും ബിജെപിയിലെത്തി.

ഇതേ കാലയളവിൽ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ രണ്ട് എംഎൽഎമാരും ബിജെപിയിലെത്തി. ഗോവ ഫോർവാർഡ് പാർട്ടിയുടെ സാലിഗോയും ബിജെപിയിലേക്ക് ചാടി.

Leave a Reply