ആലപ്പുഴ ജില്ലയിലും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വീടുകള്‍ കുത്തിത്തുറന്നും കാണിക്കവഞ്ചികള്‍ തകര്‍ത്തും മോഷണം നടത്തുന്നയാള്‍ അറസ്‌റ്റില്‍

0

മാവേലിക്കര: ആലപ്പുഴ ജില്ലയിലും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വീടുകള്‍ കുത്തിത്തുറന്നും കാണിക്കവഞ്ചികള്‍ തകര്‍ത്തും മോഷണം നടത്തുന്നയാള്‍ അറസ്‌റ്റില്‍. കൊല്ലം ശൂരനാട്‌ വടക്ക്‌ കുഴിവിള വടക്കേതില്‍ സുബൈറാ(പക്കി സുബൈര്‍-49)ണ്‌ അറസ്‌റ്റിലായത്‌. ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ഭാര്യവീടായ വയനാട്‌ വെള്ളമുണ്ട തരുവണ കരിങ്ങേരി കാളിയാര്‍ വീട്ടിലാണ്‌ താമസം.
ആലപ്പുഴ ജില്ലയില്‍ നൂറനാട്‌, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്‌, അമ്പലപ്പുഴ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. മോഷണം പതിവായതിനെ തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി ജി.ജയദേവിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി: ഡോ.ആര്‍.ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര എസ്‌.എച്ച്‌.ഒ: സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. മോഷണം നടന്ന സ്‌ഥലങ്ങളില്‍ നിന്നും ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ്‌ മോഷ്‌ടാവ്‌ സുബൈറാണെന്ന്‌ തിരിച്ചറിഞ്ഞത്‌. 2018 ല്‍ കൊല്ലം ശൂരനാട്‌ പോലീസ്‌ മോഷണക്കേസില്‍ ഇയാളെ അറസ്‌റ്റ് ചെയ്‌തു. 2020 ജനുവരി 21 ന്‌ ജയില്‍ മോചിതനായ ഇയാള്‍ വെള്ളമുണ്ടയിലാണ്‌ താമസം.
ഇറച്ചിക്കടയിലും തൊഴിലുറപ്പ്‌ ജോലിയ്‌ക്കും പോയ ഇയാള്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പീഡന പരാതിയെ തുടര്‍ന്ന്‌ മുങ്ങി. തുടര്‍ന്ന്‌ ശൂരനാട്ട്‌ എത്തിയ ഇയാള്‍ ബന്ധു വീടുകളില്‍ അഭയം തേടി. എന്നാല്‍ മോഷ്‌ടാവായതിനാല്‍ പലരും അഭയം നല്‍കിയില്ല. എഴുതാനും വായിക്കാനും അറിയാത്ത ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സ്‌ഥിരമായി ഒരു സ്‌ഥലത്ത്‌ താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനാണ്‌. അതുകൊണ്ടുതന്നെ ഇയാളെ കണ്ടെത്തുന്നത്‌ ശ്രമകരമാണ്‌.
സുബൈര്‍ 14-ാം വയസില്‍ കായംകുളത്ത്‌ സൈക്കിള്‍ മോഷണം നടത്തിയതിനും മാടക്കട കുത്തിത്തുറന്ന്‌ മോഷണം നടത്തിയതിനുമാണ്‌ ആദ്യമായി ജയിലിലാകുന്നത്‌. ജയില്‍ മോചിതനായ ശേഷം ശൂരനാട്‌, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തി. തുടര്‍ന്ന്‌ ശൂരനാട്ടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന്‌ ഇയാളെ പിടികൂടി പോലീസിന്‌ കൈമാറി. ശിക്ഷയനുഭവിച്ച ശേഷം 2004 ല്‍ പുറത്തിറങ്ങിയ ഇയാള്‍ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളില്‍ പരക്കെ മോഷണം നടത്തി. ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികളായിരുന്നു പതിവായി മോഷ്‌ടിച്ചത്‌.
നിരവധി വീടുകളും കുത്തിത്തുറന്നിട്ടുണ്ട്‌. ഒറ്റയ്‌ക്കാണ്‌ മോഷണം നടത്തുന്നത്‌.
സംസ്‌ഥാനത്തെ മിക്കവാറും എല്ലാ ജയിലുകളിലും കഴിഞ്ഞിട്ടുള്ള ഇയാള്‍ 2020 ല്‍ ശിക്ഷ കഴിഞ്ഞ്‌ ഇറങ്ങിയ ശേഷം വെള്ളമുണ്ടയിലെത്തി. കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ നിന്നും മുങ്ങി. പിന്നീട്‌ ശൂരനാട്ടെത്തി മോഷണ പരമ്പര നടത്തി. നാട്ടുകാര്‍ സംഘടിച്ചതോടെ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക്‌ കടന്നു. വള്ളികുന്നം, നൂറനാട്‌, കായംകുളം, മാവേലിക്കര, കരീലക്കുളങ്ങര, ഹരിപ്പാട്‌, അമ്പലപ്പുഴ എന്നിവിടങ്ങളിലായി നൂറോളം മോഷണങ്ങള്‍ നടത്തി. പകല്‍ ബസിലും ട്രെയിനിലും സഞ്ചരിച്ച്‌ യാത്രയ്‌ക്കിടയില്‍ ഉറക്കം. രാത്രി ഇറങ്ങുന്ന സ്‌ഥലത്ത്‌ മോഷണം. ഇതാണ്‌ ഇയാളുടെ രീതി. റെയില്‍വേ ട്രാക്കുകളില്‍ കൂടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്‌ പതിവാണ്‌. ട്രാക്കിന്‌ സമീപമുള്ള വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ മോഷണം. കൈയില്‍ ആയുധവുമേന്തി അടിവസ്‌ത്രം മാത്രം ധരിച്ച്‌ എന്തിനും പോന്ന രീതിയിലാണ്‌ നടപ്പ്‌. എത്തുന്ന സ്‌ഥലത്തെ വീടുകളില്‍ നിന്നും മുണ്ടും ഷര്‍ട്ടും എടുത്ത്‌ ധരിക്കും. ഉടുത്ത വസ്‌ത്രങ്ങള്‍ അവിടെ ഉപേക്ഷിക്കും. ഇതും ഇയാളുടെ പ്രത്യേകതയാണ്‌. മാവേലിക്കരയിലെ ഒരു വീട്ടില്‍ കയറി വസ്‌ത്രം മാറുകയും അടുക്കളയില്‍ കയറി ഭക്ഷണവും കഴിച്ച്‌ മോഷണം നടത്തിയാണ്‌ മടങ്ങിയത്‌. ഇയാള്‍ എവിടെ നിന്നും വരുന്നു എന്നോ എവിടെയാണ്‌ തങ്ങുന്നത്‌ എന്നോ നിശ്‌ചയമില്ലാതെ പോലീസ്‌ അന്വേഷണം വഴിമുട്ടിയ അവസ്‌ഥയുമുണ്ട്‌. പോലീസ്‌ പൊതു സ്‌ഥലങ്ങളില്‍ ഇയാളുടെ ലുക്ക്‌ഔട്ട്‌ നോട്ടീസുകള്‍ പതിച്ചിരുന്നു.
അന്വേഷണ സംഘത്തിന്‌ ഇയാള്‍ സ്‌ഥിരമായി കഞ്ചാവ്‌ ഉപയോഗിക്കുന്നയാളാണെന്നും മോഷ്‌ടിച്ചു കിട്ടുന്ന പണംകൊണ്ട്‌ ധാരാളം ലോട്ടറി എടുക്കുമെന്നും വിവരം ലഭിച്ചു. മോഷണം നടക്കാത്ത സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ലോട്ടറി കടകളില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്‌ഥിരമായി ലോട്ടറി എടുക്കാന്‍ വരാറുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ആളുകളുള്ള വീട്ടിലും മോഷ്‌ടിക്കാന്‍ കയറുന്ന ഇയാള്‍ എതിര്‍ക്കുന്നവരെ ആക്രമിക്കും. മോഷണം നടത്താന്‍ തീരുമാനിക്കുന്ന വീടുകളുടെയോ ആരാധനാലയങ്ങളുടെയോ സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌ഥലങ്ങളില്‍ നിന്നോ പശുത്തൊഴുത്തില്‍ നിന്നോ ആണ്‌ മോഷണത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്‌.
എസ്‌.ഐ: മൊഹ്‌സീന്‍മുഹമ്മദ്‌, സീനിയര്‍ സി.പി.ഒമാരായ സിനുവര്‍ഗീസ്‌, രാജേഷ്‌കുമാര്‍, ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്‌, സി.പി.ഒമാരായ അരുണ്‍ഭാസ്‌ക്കര്‍, ഗിരീഷ്‌ലാല്‍.വി.വി, ജവഹര്‍.എസ്‌.റിയാസ്‌ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. റിമാന്‍ഡ്‌ ചെയ്‌ത ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Leave a Reply