“പട പേടിച്ച്‌ പന്തളത്തെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട” എന്നതാണ്‌ അഫ്‌ഗാന്‍ സ്വദേശി അജ്‌മല്‍ റഹ്‌മാനിയുടെയും കുടുംബത്തിന്റെയും അവസ്‌ഥ

0

കീവ്‌: “പട പേടിച്ച്‌ പന്തളത്തെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട” എന്നതാണ്‌ അഫ്‌ഗാന്‍ സ്വദേശി അജ്‌മല്‍ റഹ്‌മാനിയുടെയും കുടുംബത്തിന്റെയും അവസ്‌ഥ. താലിബാനെ ഭയന്നാണ്‌ അജ്‌മലും കുടുംബവും അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ യുക്രൈനിലെത്തിയത്‌. ഇപ്പോള്‍, റഷ്യന്‍ അധിനിവേശം ഭയന്ന്‌ ജീവന്‍ കൈയില്‍പ്പിടിച്ച്‌ പോളണ്ടിലേക്കു പലായനം ചെയ്യുകയാണ്‌ അജ്‌മലും കുടുംബവും.
ഒരു വര്‍ഷം മുമ്പാണ്‌ അജ്‌മല്‍ സമാധാന ജീവിതം കൊതിച്ച്‌ യുക്രൈനിലെത്തിയത്‌. “ഒരു യുദ്ധത്തില്‍നിന്ന്‌ രക്ഷപ്പെട്ടോടി ഞാന്‍ മറ്റൊരു രാജ്യത്തെത്തി. അവിടെ മറ്റൊരു യുദ്ധം ആരംഭിച്ചിരിക്കുന്നു. വളരെ നിര്‍ഭാഗ്യംതന്നെ”- പോളണ്ട്‌ അതിര്‍ത്തി കടക്കുംമുമ്പ്‌ അജ്‌മല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അഫ്‌ഗാനിസ്‌ഥാനിലെ തന്റെ എല്ലാ സമ്പാദ്യവും നഷ്‌ടമായതായി നാല്‍പ്പതുകാരനായ അജ്‌മല്‍ പറഞ്ഞു. നാറ്റോയ്‌ക്ക്‌ വേണ്ടി കാബൂള്‍ വിമാനത്താവളത്തില്‍ 18 വര്‍ഷത്തോളം ജോലി ചെയ്‌തു. അമേരിക്ക അഫ്‌ഗാനില്‍നിന്നു പിന്‍വാങ്ങുന്നതിന്‌ നാലു മാസം മുമ്പ്‌ രാജ്യം വിടാന്‍ തീരുമാനിച്ചു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ കുട്ടികളെ സ്‌കൂളില്‍വിടുന്നതുപോലും നിര്‍ത്തിയിരുന്നു. “ഞാന്‍ എന്റെ കാര്‍, എന്റെ വീട്‌, എന്റെ എല്ലാം വിറ്റു, എനിക്ക്‌ എല്ലാം നഷ്‌ടപ്പെട്ടു”- അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ പോകാനുള്ള വിസ ലഭിക്കാന്‍ പാടുപെട്ടെന്നും നല്ല കുടുംബ ജീവിതം കൊതിച്ചാണ്‌ യുക്രൈനിലേക്കു പോകാന്‍ തീരുമാനിച്ചതെന്നും അജ്‌മല്‍ റഹ്‌മാനി പറഞ്ഞു.
യുക്രൈനിലെത്തിയശേഷം കരിങ്കടല്‍ തുറമുഖ നഗരമായ ഒഡെസയിലായിരുന്നു താമസം. റഷ്യന്‍അധിനിവേശം ആരംഭിച്ചപ്പോള്‍ വീണ്ടും എല്ലാം ഉപേക്ഷിച്ച്‌ 1,110 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലേക്ക്‌ യാത്ര ചെയ്യേണ്ടിവന്നു. യുദ്ധത്തില്‍ ഗതാഗതസംവിധാനങ്ങള്‍ തകര്‍ന്നതോടെ ഭാര്യ മിന, 11 വയസുകാരനായ മകന്‍ ഒമര്‍, ഏഴുവയസുകാരി മകള്‍ മര്‍വ എന്നിവര്‍ക്കൊപ്പം 30 കിലോമീറ്റര്‍ നടന്നാണ്‌ അജ്‌മല്‍ പോളണ്ട്‌ അതിര്‍ത്തിയിലെത്തിയത്‌. മറ്റ്‌ യുക്രൈന്‍ അഭയാര്‍ഥികള്‍ക്കൊപ്പം സമീപനഗരമായ പ്രെസെമിസലിലേക്കുള്ള ബസിനായി അതിര്‍ത്തിയിലെ മെഡികയില്‍ കാത്തിരിക്കുകയാണ്‌ അജ്‌മലും കുടുംബവും.

Leave a Reply