ദില്ലി: യാത്രക്കാരന്റെ ഉപദ്രവം സഹിക്കാനാവാതെ പാരീസില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഇന്ത്യക്കാരനായ യാത്രക്കാരന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ അക്രമം തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് യാത്രക്കാരോട് വഴക്കിട്ട ഇയാള്‍ വിമാന ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തു. കോക്പിറ്റിന്റെ വാതിലില്‍ പലതവണ ശക്തിയായി പ്രഹരിച്ചുവെന്നും ചെയ്തുവെന്ന് ബള്‍ഗേറിയന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് പൈലറ്റ് സോഫിയ വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങിന് അനുമതി തേടിയത്.
വിമാനത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ ഇയാള്‍ക്കെതിരെ വ്യോമസുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവിടെ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാളെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശേഷം വിമാനം ദില്ലിയിലേക്കുള്ള യാത്ര തുടര്‍ന്നു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
English summary
Air France flight from Paris to Delhi makes an emergency landing