വഴക്കിനെ തുടർന്ന് ശാന്തമ്മയുടെ തല ഭിത്തിയിലിടിപ്പിച്ചു; വീണ് പോയതോടെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തിയ ശേഷം മുഖത്ത് തുടരെ തുടരെ ഇടിച്ചു; സ്വന്തം അമ്മയെ മനോജ് കൊലപ്പെടുത്തിയത് അയൽവാസികളോട് തന്നെ കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ച്; മൂവാറ്റുപുഴയിലെ വർക്ഷോപ്പ് ജീവനക്കാരന്റെ ക്രൂരത ഇങ്ങനെ..

0

മൂവാറ്റുപുഴ: വർക്ഷോപ്പ് ജീവനക്കാരനായ മകൻ ശാന്തമ്മയെ കൊലപ്പെടുത്തിയത് അയൽവാസികളോട് തന്നെ കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ച്. വഴക്കിനെ തുടർന്ന് അതിക്രൂരമായി മകൻ അമ്മയെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് അമ്മയുടെ തലപിടിച്ച് ഇയാൾ അടുക്കള ഭിത്തിയിൽ ഇടിച്ചു. അവശയായ ശാന്തമ്മ ഛർദിച്ച് വീണതോടെ മനോജ് ഇവരെ കട്ടിലിൽ കൊണ്ടുവന്ന് കിടത്തി തുടർന്നും മർദിക്കുകയായിരുന്നു. മുഖത്ത് ഇടിച്ചും കഴുത്തിൽ ഞെക്കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

ഈ മാസം അഞ്ചിന് രാത്രിയായിരുന്നു സംഭവം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിന് ശേഷം മനോജ് രക്തംപുരണ്ട വസ്ത്രങ്ങൾ മാറ്റുകയും പരിസരം കഴുകി വൃത്തിയാക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയൽക്കാരെ അറിയിച്ചു. അയൽവാസികൾ വന്ന് നോക്കിയപ്പോൾ ശാന്തമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് സംഭവം അന്വേഷിച്ചത്.

മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ ശാന്തമ്മ ആണ് മരിച്ചത്. 70 കാരിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ മനോജിനെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർമാരായ സി.ജെ. മാർട്ടിൻ, എം.കെ. സജീവൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഭാര്യയുമായി പിരിഞ്ഞ മനോജ് 10 വർഷം മുമ്പാണ് വാഗമണിൽനിന്ന് പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വർക്ഷോപ്പ് ജോലി ക്കാരനാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply