Sunday, September 19, 2021

ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ മോഷണം പെരുകുന്നു

Must Read

ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം ചൂണ്ടിക്കൽ ഭദ്രകാളിദേവി ക്ഷേത്രത്തിൽ വാതിലിന്റെ പൂട്ട് പൊളിച്ച് കവർച്ച. ചുറ്റമ്പലത്തിനകത്ത് സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ ഡി.വി.ആർ. മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച അർദ്ധരാത്രി കഴിഞ്ഞായിരുന്നു മോഷണം. മോഷ്ടാക്കൾ ചുറ്റുമതിൽ ചാടിക്കടന്ന് എത്തിയെന്നാണ് പോലീസ് നിഗമനം.

ചുറ്റമ്പലത്തിന്റെ പ്രധാന വാതിലിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ ശ്രീകോവിലിന്റെ വാതിൽ പൂട്ട് തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്നാണ് സമീപത്തെ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചത്. സ്റ്റോർ മുറിയുടെ പൂട്ട് തകർത്ത് ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡി.വി.ആറും എടുത്ത് കടക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചേ ക്ഷേത്രത്തിൽ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

വെള്ളറട പോലീസും ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളറട വി.പി.എം. എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന ജസ്റ്റിൻ ഷാജുവിന്റെ വീട്ടിലെ അടുക്കളയിലിരുന്ന ഗ്യാസ് സിലിൻഡറും മോഷണം പോയി. ക്ഷേത്രത്തിന് കുറച്ചകലെ നിർത്തിയിട്ടിരുന്ന ലോറിയിലെ ടാങ്കിൽ നിന്ന് 60 ലിറ്ററിലേറെ ഡീസലും കവർന്നു.

പുലിയൂർശാല കാരോട്ട് റബ്ബർ വ്യാപാരം നടത്തുന്ന രവീന്ദ്രന്റെ വീട്ടിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന 500 കിലോഗ്രാമോളം റബ്ബർ ഷീറ്റ് ചൊവ്വാഴ്ച മോഷ്ടിച്ചിരുന്നു. ഹെൽമറ്റും കോട്ടും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അരുമന പോലീസ് കേസെടുത്തു.

ഒരാഴ്ചയ്ക്ക് മുമ്പാണ് കടുക്കറയിൽ രതീഷിന്റെ റബ്ബർ ഷീറ്റ് കടയുടെ വാതിൽ പൂട്ട് തകർത്ത് മോഷണം നടത്തിയത്. 1300 ഓളം കിലോഗ്രാം റബ്ബർ ഷീറ്റുകൾ ഇവിടെ നിന്നും മോഷണം പോയി. ആഴ്ചകളായി തുടരുന്ന മോഷണങ്ങൾ നാട്ടുകാരിലും ഭീതി പരത്തുന്നുണ്ട്.

Leave a Reply

Latest News

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനാണ്...

More News