Tuesday, October 26, 2021

നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനം

Must Read

നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയിൽനിന്നുള്ളവരുടെ തുടർച്ചയായ ആവശ്യവും സമ്മർദ്ദവും പരിഗണിച്ചാണ് സർക്കാർ തീരുമാനം.

തീയേറ്ററുകളെ കൂടാതെ ഇൻഡോർ ഓഡിറ്റോറിയങ്ങളും ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും ഇവിടങ്ങളിൽ പ്രവേശനം. അൻപതു ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവർത്തനം അനുവദിച്ചിട്ടുള്ളത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതിയാകും.

കല്യാണം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ഇരുചടങ്ങുകൾക്കും 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. ശാരീരിക അകലം പാലിച്ച്, 50 പേരെ വരെ ഉൾപ്പെടുത്തി നവംബർ ഒന്നു മുതൽ ഗ്രാമസഭകൾ ചേരാനും അനുമതി നൽകാൻ തീരുമാനമായി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

സി.എഫ്.എൽ.ടി.സികളും സി.എസ്.എൽ.ടി.സികളുമായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണെന്നും യോഗം നിർദേശിച്ചു.

സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതൽ എടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രത്യേക സാഹചര്യങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിജൻ കിറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News