അധിനിവേശങ്ങള്‍ അടിമുടി തകര്‍ത്ത ദേശമാണ് അഫ്ഗാനിസ്താന്‍

0

അധിനിവേശങ്ങള്‍ അടിമുടി തകര്‍ത്ത ദേശമാണ് അഫ്ഗാനിസ്താന്‍. ജനിച്ച വംശത്തിന്റെ മാത്രം പേരില്‍ എന്നിട്ടും അഫ്ഗാനികള്‍ പരസ്പരം കൊല്ലുന്നു. അഫ്ഗാനിലെ ഹസാരകളുടെ കഠിനകാലത്തെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു.

കാബൂള്‍ ഇപ്പോള്‍ മൗനത്തിലാണ്. അതുകൊണ്ട് അഫ്ഗാനിസ്താന്‍ ശാന്തമാണെന്നര്‍ഥമില്ല. ഒരു ദിവസംകൊണ്ട് ഒരു ജനതയുടെ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ആത്മാവ് ചിറകറ്റു വീഴുകയും അവരുടെ പരിമിതമായ സ്വാതന്ത്ര്യം വീണ്ടും റദ്ദാക്കപ്പെടുകയും ചെയ്ത ഭരണമാറ്റമാണ് കാബൂളില്‍ നടന്നത്. ഭയം ഒരു നിശാവസ്ത്രംപോലെ, സംസ്‌കാരത്തിന്റെ പൂമെത്തയായിരുന്ന ആ നാടിനെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു. പടയോട്ടങ്ങള്‍ക്ക് അവധി കൊടുക്കാത്ത രാജ്യത്ത് താലിബാന്‍ വീണ്ടും അതിന്റെ രണ്ടാംഘട്ട ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നു.

ആ തിമര്‍പ്പില്‍, നൂറ്റാണ്ടുകളായി വംശഹത്യക്കിരയാവുന്ന അഫ്ഗാനിസ്താനിലെ വംശീയന്യൂനപക്ഷമായ ഹസാരകളുടെ ദീനരോദനങ്ങളും മുങ്ങിപ്പോകുന്നു. ”ഹസാരകളേ, നിങ്ങള്‍ കാത്തിരിക്കൂ. വാള്‍മുനകള്‍ നിങ്ങള്‍ക്കായി രാകിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കായി ഞങ്ങള്‍ ആഴത്തിലുള്ള കുഴിയിടങ്ങള്‍ തയ്യാറാക്കുന്നു,” ഇതാണ് ഹസാരകളുടെ മരണമണമുള്ള പഷ്തൂണി വാക്കുകള്‍. മനുഷ്യബോധങ്ങളുടെ ആത്മസഞ്ചാരങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ജലാലുദ്ദീന്‍ റൂമിയുടെ (1207-1273) ജന്മസ്ഥലമാണ് അഫ്ഗാനിസ്താനിലെ ബാല്‍ഖ് പ്രവിശ്യ. റൂമിയുടെ മിസ്റ്റിക് കാവ്യങ്ങളുടെ കേന്ദ്രമായ അഫ്ഗാനിസ്താന്റെ ആത്മാവ് ഇപ്പോള്‍ ആസന്നഭീകരതയുടെ ചിലന്തിവലയില്‍ കുരുങ്ങിപ്പിടയുന്ന ജീവിതം പോലെയാണ്.

Leave a Reply