കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു അഡ്വ. ബി. രാമന്പിള്ളയില്നിന്നു മൊഴിയെടുക്കേണ്ടതുണ്ടെന്നു ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചു. അടുത്തിടെ ലഭിച്ച ചില ഡിജിറ്റല്‍ തെളിവുകളില്‍ വിശദീകരണം തേടാനാണു രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നതെന്നാണു സൂചന. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണിത്. വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ പരിശോധനയുടെ ഫോറന്‍സിക് പരിശോധനയുടെ പ്രഥമറിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.
2020 കേസുമായി ബന്ധപ്പെട്ടല്ല പുതിയ നീക്കമെന്നാണു സൂചന. ഇക്കാര്യം അറിയിച്ചതോടെയാണു സര്‍ക്കാരും ഇത്തവണ അനുമതി നല്‍കിയതെന്നാണു വിവരം. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 2020-ല്‍ പീച്ചി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്പിള്ളയില്നിന്നു മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മൊഴിയെടുക്കാന്‍ അന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പുള്ള കേസില്‍ ഇപ്പോള്‍ തിരക്കിട്ടു മൊഴിയെടുക്കുന്നതിന്റെ കാരണം വ്യക്തമല്ല.
പോലീസ് ഉന്നതരുടെ അനുമതി നേടിയശേഷമാണ് ഇത്തവണ ക്രൈംബ്രാഞ്ച് രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നത്. എന്നാല്‍, അഭിഭാഷകരുടെ പ്രതിഷേധം ശക്തമായതോടെ തല്ക്കാലം മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
രാമന്‍പിള്ള കഴിഞ്ഞ 18-നയച്ച കത്തുപരിഗണിച്ചു മൊഴിയെടുക്കല്‍ മാറ്റിവച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: എസ്. അമ്മിണിക്കുട്ടന് അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു. പ്രതിഷേധം തണുക്കുന്നതോടെ വീണ്ടും നോട്ടീസ് നല്‍കാനാണു ക്രൈംബ്രാഞ്ച് നീക്കം.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ രാമന്‍പിള്ള ശ്രമം നടത്തിയതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിരുന്നു. ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണിത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ചു ജിന്‍സനോടു കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്നു നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണു ജിന്സന്. പ്രതിഭാഗം സാക്ഷിയാകാന്‍ താന്‍ തയാറാണെന്നറിയിച്ച് ജിന്സണ് ആദ്യം രാമന്പിള്ളയെ സമീപിച്ചിരുന്നു. ഇതറിഞ്ഞാണു അന്വേഷണസംഘം ജിന്‍സനെ വിളിച്ചുവരുത്തി പ്രോസിക്യൂഷന് സാക്ഷിയാക്കിയത്. ജിന്സന് കൂറുമാറിയാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നതു ദിലീപിനായിരിക്കും.
പോലീസുകാരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനു മുന്കുര്ജാമ്യം ലഭിച്ചതു ക്രൈംബ്രാഞ്ചിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതു മറികടക്കാനാണു രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നതെന്നാണ് ആരോപണം. 2020-ലെ കേസിനാസ്പദമായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയിലൊന്നും ഉന്നയിക്കാത്ത വിഷയമാണെന്നും അതിനാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നുമാണു രാമന്‍പിള്ള മറുപടി നല്‍കിയത്.