ന്യൂഡൽഹി: പിടിയിലായ ജയ്ഷെ മുഹമ്മദ് തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏർപ്പെടുത്തി. പാകിസ്താനിൽ നിന്നുള്ള നിർദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സർദാർ പട്ടേൽ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിൽ വച്ചും ഗൂഢാലോചനകൾ നടന്നുവെന്നാണ് ഇവരിൽ നിന്ന് വിവരം ലഭിച്ചത്.
2016-ലെ ഉറി മിന്നലാക്രമണത്തിനും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരവാദ സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് ഡോവൽ.
ഫെബ്രുവരി ആറിന് അറസ്റ്റിലായ ഷോപ്പിയാൻ സ്വദേശിയായ ജയ്ഷെ ഭീകരൻ ഹിദായത്തുല്ല മാലിക്കിൽ നിന്നാണ് ഡോവലിനുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജൻസികൾക്കും വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.
ഹിദായത്തുല്ല മാലിക് 2019 മെയ് 24-ൽ ശ്രീനഗറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയിൽ പകർത്തിയ ശേഷം വാട്സാപ്പ് വഴി പാകിസ്താനിലുള്ളവർക്ക് അയച്ചു നൽകിയെന്നടക്കുള്ള കാര്യങ്ങളാണ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്.
2020 മെയ് മാസത്തിൽ ചാവേർ ആക്രമണത്തിന് മാലിക് കാർ നൽകിയെന്നും നവംബറിൽ ജമ്മുകശ്മീർ ബാങ്കിൽ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.
English summary
Additional security has been beefed up at the office and home of National Security Adviser Ajit Doval on the basis of information received from the arrested Jaish-e-Muhammad militants.