പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെതിരെ പ്രതികരിച്ച ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച നടൻ സിദ്ധാർഥിന്റെ ട്വീറ്റ് വിവാദത്തിൽ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെതിരെ പ്രതികരിച്ച ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച നടൻ സിദ്ധാർഥിന്റെ ട്വീറ്റ് വിവാദത്തിൽ. സിദ്ധാർഥിന്റെ ട്വീറ്റിൽ ലൈംഗികച്ചുവയുണ്ടെന്ന ആരോപണവുമായി സൈന നെഹ‌്‌വാളിന്റെ ഭർത്താവും ബാഡ്മിന്റൻ താരവുമായ പി. കശ്യപ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സിദ്ധാർഥിന്റെ പരാമർശത്തിൽ വിമർശനവുമായി ‌ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നടി ഖുശ്ബു തുടങ്ങിയവരും രംഗത്തുവന്നു. ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന് സിദ്ധാർഥും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞതുമായി ബന്ധപ്പെട്ട് അതിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ബിജെപിയിൽ അംഗത്വമുള്ള സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തത്. റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങിയിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സർക്കാരിൽനിന്നു കേന്ദ്രം വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സൈനയുടെ ട്വീറ്റും സിദ്ധാർഥിന്റെ റീ–ട്വീറ്റും ശ്രദ്ധ നേടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സൈനയുടെ ട്വീറ്റ് ഇങ്ങനെ:

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുകൂട്ടം അരാജകവാദികൾ നടത്തിയ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ – ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

Leave a Reply