മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമ സഹായം നൽകാൻ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ അമ്മയും സഹോദരിയുമായും ചർച്ച നടത്തി

0

പാലക്കാട്∙ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമ സഹായം നൽകാൻ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ അമ്മയും സഹോദരിയുമായും ചർച്ച നടത്തി. കേസിൽ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാർ അറിയിച്ചു. നടന്ന അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികളിൽ നിന്നു പണം കൈപ്പറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തിൽ അപമാനിച്ചവർക്കെതിരെ അഗളി പൊലീസിൽ പരാതിപ്പെടാനും പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്കു നൽകാനും നിർദേശിച്ചു. കുടുംബം ആവശ്യപ്പെട്ട നിയമസഹായം നൽകുമെന്നും നന്ദകുമാർ പറഞ്ഞു.

‘കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നാല് വര്‍ഷത്തോടടുക്കുമ്പോള്‍ പൊലീസ് അന്വേഷണത്തില്‍ ഇത് തെളിയാനുമിടയില്ല. ഈ ആശങ്ക പൂര്‍ണമായും പരിഹരിക്കുന്നതിന് വിദഗ്ധ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവം നികത്തി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാകും മണ്ണാര്‍ക്കാട് കോടതിയിലെ വിചാരണ. കുടുംബത്തിന്റെ ആശങ്ക നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും നന്ദകുമാര്‍ അറിയിച്ചു.

ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാർ കോയമ്പത്തൂർ, എസ്.സുദർശനൻ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ട്രഷറർ വിനോദ് എന്നിവർ കൂടെയുണ്ടായിരുന്നു.

Leave a Reply