കൊച്ചി: നടൻ ദിലീപിന്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കാൻ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാവും പരിശോധന നടത്തുക. കോടതിയിൽവച്ച് ഫോണിന്റെ അൺലോക്ക് പാറ്റേൺ പരിശോധിക്കണം എന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളി.
ഫോണുകൾ വിചാരണ കോടതിയിൽവച്ച് തുറക്കേണ്ടെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചത്. ഈ നിലപാട് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധാരണ നിലയിൽ ആറു ദിവസത്തിന് ശേഷമായിരിക്കും ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുക.
വധ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോണിലൂടെ നടത്തിയിട്ടുള്ള ചാറ്റുകൾ, കോൾ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം ശേഖരിക്കും.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാവും ഫോറൻസിക് പരിശോധനക്ക് അയക്കുക. ഈ ഘട്ടത്തിൽ കോടതിയിൽവച്ച് ഫോണുകൾ തുറക്കുകയോ അൺലോക്ക് പാറ്റേണുകൾ പരിശോധിക്കുകയോ ഇല്ലെന്ന നിലപാടിലാണ് കോടതി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തിൽ ഫോണുകൾ കോടതിയിൽവച്ച് തുറന്ന് പരിശോധിക്കണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളി.
നടി ആക്രമിച്ച കേസിലെ അന്വേഷണ സംഘാംഗങ്ങളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകൾ ഹൈക്കോടതിയിൽ നിന്നും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴാണ് ഫോണിന്റെ പാറ്റേണുകൾ ലഭ്യമല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്