കൊച്ചി: നടന് ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണുകള്‍ അഭിഭാഷകര്‍ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറി. ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഏതു ലാബിലെന്ന തീരുമാനം പിന്നീടുണ്ടാകും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണണമെന്നാണു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്.പി. അപേക്ഷ നല്കി. എന്നാല്‍, കോടതി നേരിട്ടു ഫോണുകള്‍ മുദ്രവച്ചു ഫോറന്‍സിക് ലാബില്‍ നല്‍കണമെന്നാണു ദിലീപിന്റെ ആവശ്യം. ഫോണുകള്‍ കോടതി സീല്‍ ചെയ്യാതെ ക്രൈംബ്രാഞ്ചിനു നല്കുന്നതു കൃത്രിമം നടത്താന്‍ അവസരമാകുമെന്നാണ് ദിലീപിന്റെ ആക്ഷേപം. ക്രൈംബ്രാഞ്ചിനു കൊടുത്തുവിടുകയാണെങ്കില് അതിനുമുമ്പായി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈയാവശ്യം അടുത്തദിവസം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണു ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറിയത്. അതേസമയം, ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നു സംശയിക്കുന്ന എം.ജി. റോഡിലെ ഫ്ളാറ്റിലും മറ്റിടങ്ങളിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.