Thursday, July 29, 2021

നിയമസഭ തിരഞ്ഞെടുപ്പിൽ അല്പം കൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ കുണ്ടറ, കരുനാഗപ്പള്ളി, പാലാ, തൃപ്പൂണിത്തുറ, കല്പറ്റ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വിജയിക്കാമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ

Must Read

തിരുവനന്തപുരം: കുണ്ടറ, കരുനാഗപ്പള്ളി, പാലാ, തൃപ്പൂണിത്തുറ, കല്പറ്റ മണ്ഡലങ്ങൾ കൈവിട്ടത് അശ്രദ്ധ കൊണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ അല്പം കൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഇവിടെയും ഇടതുമുന്നണിക്ക് വിജയിക്കാമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. അങ്ങനെയായിരുന്നെങ്കിൽ നൂറിന് മുകളിലേക്ക് വിജയത്തിളക്കം ഉയർന്നേനെയെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

വിവിധ ജില്ലാകമ്മിറ്റികൾ തയാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി അവതരിപ്പിക്കും. ഇന്നലെ ജില്ലാ അവലോകന റിപ്പോർട്ടുകളിന്മേൽ സെക്രട്ടേറിയറ്റ് യോഗം ചർച്ച പൂർത്തിയാക്കി. വിവിധ ജില്ലാകമ്മിറ്റികളിലുയർന്ന ചർച്ചകളുടെ വിശദാംശങ്ങൾ സെക്രട്ടേറിയറ്റ് വിശകലനം ചെയ്തു.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. എന്നാൽ ആരെയും പേരെടുത്ത് വിമർശിക്കുന്നില്ല. പാലായിൽ വോട്ട് ചോർന്നുവെന്ന കേരള കോൺഗ്രസ്-എമ്മിന്റെ പരാതി പരിശോധിക്കാൻ കോട്ടയം റിപ്പോർട്ട് നിർദ്ദേശിച്ചു. കല്പറ്റയിലും പരിശോധനയുണ്ടാവും.എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ പാലക്കാട്, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ തോൽവികൾ പ്രത്യേകം പരിശോധിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. അതത് ജില്ലാതലങ്ങളിൽ ഇക്കാര്യത്തിൽ വിശദ പരിശോധനയുണ്ടാകും. അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം മണ്ഡലങ്ങളിലുണ്ടായ പരാതികൾ പരിശോധിക്കാൻ അതാതിടങ്ങളിൽ കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാകും തിരുത്തൽ നടപടികൾക്ക് നിർദ്ദേശമുണ്ടാവുക. വെള്ളിയും ശനിയുമാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. ഭിന്നത തീർക്കാൻ ഐ.എൻ.എൽ നേതൃത്വത്തിന് താക്കീത്പി.എസ്.സി അംഗത്വത്തിന് 40 ലക്ഷം കോഴ വാങ്ങിയെന്നതടക്കം പരസ്യ വിഴുപ്പലക്കിലേക്ക് നീങ്ങിയ ഐ.എൻ.എല്ലിലെ വിഭാഗീയത എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇടതുമുന്നണി നേതൃത്വത്തിന്റെ താക്കീത്. ഇന്നലെ എ.കെ.ജി സെന്ററിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബിനെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെയും വിളിച്ചുവരുത്തിയാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പ് നൽകിയത്. ഒരു മണിക്കൂറിലേറെ ചർച്ച നീണ്ടു.മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയുള്ളപ്പോൾ ഘടകകക്ഷിയായ ഐ.എൻ.എൽ ഐക്യത്തോടെ നീങ്ങണമെന്ന് വിജയരാഘവനും കോടിയേരിയും ഉപദേശിച്ചു. ഐ.എൻ.എല്ലിലെ പരസ്യ വിഴുപ്പലക്കും വിഭാഗീയതയും മുന്നണിയെ പ്രതികൂലമായി ബാധിക്കും. പ്രതിപക്ഷം മുതലെടുക്കും. അതിനാൽ എത്രയും പെട്ടെന്ന് ഭിന്നത അവസാനിപ്പിക്കണമെന്നും ശാസനാസ്വരത്തിൽ നിർദ്ദേശിച്ചു.ചർച്ചയിൽ വഹാബും കാസിം ഇരിക്കൂറും പരസ്പരം പഴിചാരി. പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം നിസാരകാര്യങ്ങൾക്ക് പോലും നടപടിയെടുക്കുന്നതായും താൻ ജീവനോടെയിരിക്കെ വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചെന്നും വഹാബ് പറഞ്ഞു. കോഴിക്കോട് സൗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തോല്പിക്കാൻ നേതൃത്വം തന്നെ ശ്രമിച്ചെന്നും അതിന് രണ്ട് പേർക്കെതിരെ അഖിലേന്ത്യാ നേതൃത്വം നടപടിയെടുത്തെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. കെ.ടി.ഡി.സി ഡയറക്ടർ എന്ന നിലയിൽ മസ്‌കറ്റ് ഹോട്ടലിൽ താൻ താമസിച്ചത് പോലും വിവാദമാക്കി വ്യക്തിഹത്യ നടത്തുന്നു. ദേശീയ നേതൃയോഗത്തിൽ നാല് തവണ വഹാബ് പങ്കെടുക്കാതിരുന്നതിനാലാണ് വർക്കിംഗ് പ്രസിഡന്റിനെ നിയോഗിച്ചത്.ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്ന അബ്ദുൾ സമദിനെയാണ് കഴിഞ്ഞ ജനുവരിയിൽ പി.എസ്.സി അംഗമായി നിയോഗിച്ചത്. ഒരു അഭിഭാഷകന്റെ പേര് അന്ന് ചർച്ചയിലെത്തിയപ്പോൾ സി.പി.എം നേതൃത്വമാണ് നേരിട്ടുള്ള നിയമനം പാടില്ലെന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ളവരെ നിയമിക്കണമെന്നും നിർദ്ദേശിച്ചത്. അതനുസരിച്ചാണ് അദ്ധ്യാപകനെ നിയമിച്ചത്. ജനുവരി രണ്ടിന്റെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് അംഗീകരിച്ചത്. അന്ന് ഉന്നയിക്കാത്ത ആരോപണമാണ് ജൂണിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.സി. മുഹമ്മദ് ഉന്നയിച്ചത്. അടിസ്ഥാനരഹിതമായ ആക്ഷേപമുന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനാണ് മുഹമ്മദിനെ അഖിലേന്ത്യാ നേതൃത്വം പുറത്താക്കിയതെന്നും കാസിം വിശദീകരിച്ചു.മസ്‌കറ്റ് ഹോട്ടലിൽ താമസിച്ച് അദാനിയുമായടക്കം കാസിം ഇരിക്കൂർ ചർച്ച നടത്തിയെന്ന് പാർട്ടിയിലെ എതിർചേരി ആക്ഷേപമുന്നയിച്ചതും ഐ.എൻ.എല്ലിൽ ചർച്ചയായിരുന്നു

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News