അബൂബക്കര്‍ സിദ്ദീഖിൻ്റെ മരണകാരണം തലച്ചോറി നേറ്റ ക്ഷതം

0

ദുബായിലേക്കുള്ള ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്‌ ഉപ്പളയില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദീഖ്‌ നേരിട്ടത്‌ ക്രൂരമായ മര്‍ദനങ്ങള്‍. തലച്ചോറിനേറ്റ ക്ഷതം കാരണമാണ്‌ മരണം സംഭവിച്ചതെന്ന്‌ പോസ്‌റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കാല്‍പാദത്തിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമേറ്റ മര്‍ദനത്തില്‍ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. 5,000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഈ രീതിയിലാവൂ എന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. പേശികള്‍ അടികൊണ്ട്‌ ചതഞ്ഞ്‌ വെള്ളം പോലെ ആയിരുന്നു. ഇത്ര ഭീകരമായ അക്രമം മുന്‍പു കേട്ടിട്ടില്ലാത്തതാണെന്ന്‌ പോലീസ്‌ പറയുന്നു. കാല്‍പാദത്തിലും പിന്‍ഭാഗത്തുമേറ്റ അടിയുടെ കനത്ത ആഘാതം തലയിലേക്ക്‌ എത്തിയുണ്ടായ ആഘാതമാണ്‌ മരണകാരണമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കരുതുന്നത്‌. 4 മണിക്കൂര്‍ സമയമെടുത്താണ്‌പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്‌.
പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖി(31)നെകഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്‌. കേസില്‍ 5 പേര്‍ പോലീസ്‌ കസ്‌റ്റഡിയിലുണ്ട്‌. ക്വട്ടേഷന്‍ ഏല്‍പിച്ച രണ്ടു പേരും ക്വട്ടേഷന്‍ സംഘത്തിലെ എട്ടു പേരുമടക്കം മൊത്തം 10 പേര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായതായാണ്‌ പോലീസിന്റെ നിഗമനം. മൂന്നു വാഹനങ്ങളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.
പ്രതികളില്‍ ചിലര്‍ കര്‍ണാടക വഴി ഗോവ, മഹാരാഷ്‌്രട ഭാഗങ്ങളിലേക്കു കടന്നതായും പൊലീസിനു സൂചനയുണ്ട്‌. ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏല്‍പിച്ച അരക്കോടിയോളം രൂപ വില വരുന്ന ഡോളര്‍ കാണാതായതാണ്‌ കൊലപാതകത്തിനു കാരണം. രഹസ്യമായി ഡോളര്‍ തുന്നിപ്പിടിപ്പിച്ച ബാഗ്‌ ദുബായിലെ ഏജന്റിനെ ഏല്‍പിച്ചുവെന്നാണ്‌ സിദ്ദീഖ്‌ പറഞ്ഞത്‌. എന്നാല്‍ പണം അവിടെ ലഭിച്ചില്ലെന്ന്‌ ഏല്‍പിച്ചവരും പറഞ്ഞു. തുടര്‍ന്ന്‌ സിദ്ദീഖിനെ ചര്‍ച്ചയ്‌ക്കായെന്നു പറഞ്ഞ്‌ ദുബായില്‍നിന്ന്‌ നാട്ടിലേക്കു വിളിച്ചുവരുത്തിയശേഷം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു രണ്ടു ദിവസം മുന്‍പ്‌ സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത്‌ അന്‍സാരിയെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ താമസിപ്പിച്ച്‌ മൂന്നു പേരെയും ക്വട്ടേഷന്‍ സംഘം മര്‍ദിച്ചു.
മര്‍ദനത്തിനിടയിലാണ്‌ സിദ്ദീഖ്‌ മരിച്ചത്‌. പിന്നീട്‌ കാറില്‍ മൃതദേഹം കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടര്‍മാര്‍ പരിശോധിക്കുന്നതിനിടെ കൂടെ വന്ന രണ്ടുപേര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വര്‍ (45), സുഹൃത്ത്‌ അന്‍സാരി (40) എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്‌.
അന്‍സാരിയെയും അന്‍വറിനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായുള്ള പരാതിയില്‍ ഷാഫി, നുജി തുടങ്ങി 17 പേര്‍ക്കെതിരേ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ക്വട്ടേഷന്‍ നല്‍കിയതായി കരുതുന്ന വ്യക്‌തിയുടെ കാര്‍ കണ്വതീര്‍ഥയിലെ വീട്ടില്‍നിന്നും സിദ്ദീഖിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച കാര്‍ കര്‍ണാടകയില്‍നിന്നും കസ്‌റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here